‘കനകക്കുന്നിൽ ചന്ദ്രനിറങ്ങി’; നവ്യാനുഭവമായി ‘മ്യൂസിയം ഓഫ് മൂൺ’

തിരുവനന്തപുരം: ലോകപ്രശസ്തമായ മ്യൂസിയം ഓഫ് ദ മൂണ്‍ ഇന്‍സ്റ്റലേഷന്‍ കനകക്കുന്നില്‍ സ്ഥാപിച്ച് ആര്‍ട്ടിസ്റ്റ് ലൂക് ജെറം. ബുധനാഴ്ച പുലര്‍ച്ചെ നാലുമണി വരെ ഇന്‍സ്റ്റലേഷന്‍ കാണാം. ജനുവരിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായാണ് ഇന്‍സ്റ്റലേഷന്‍ കനകക്കുന്നില്‍ ഒരൊറ്റ രാത്രിയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപം കാണാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് ആരംഭിച്ച പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂണ്‍ ഉണ്ടാക്കിയിട്ടുള്ളത്. അവ ചേര്‍ത്ത് 23 മീറ്റര്‍ വിസ്താരമുള്ള ഹൈ റെസൊല്യൂഷന്‍ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോളജി സയന്‍സ് സെന്ററിലാണ്. ഇരുപതു വര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവില്‍ 2016ലാണ് ലൂക് ജെറം ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളില്‍ ഇത് പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

നാസയിൽ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റലേഷന്റെ പ്രതലത്തിൽ പതിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ചന്ദ്രന്റെ ചെറുരൂപത്തിന്റെ കാഴ്ചാനുഭൂതി ഈ പ്രതിരൂപത്തിലൂടെ കാണാൻ കഴിയും. എന്നാൽ ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ മ്യൂസിയം ഓഫ് മൂൺ സ്ഥിരം പ്രദർശന വസ്തുവായിരിക്കും.

ഈ ചാന്ദ്രഗോളത്തിലെ ഓരോ സെൻ്റിമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റർ ചന്ദ്രോപരിതലമായിരിക്കും. ഭൂമിയിൽനിന്ന് മനുഷ്യർക്ക് ചന്ദ്രൻ്റെ ഒരു വശം മാത്രമേ കാണാനാവൂ. അങ്ങകലെ പരന്ന തളികപോലെമാത്രം കാണുന്ന ചന്ദ്രനെ ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ കുറച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തിൽ കാണുന്ന അനുഭവം ലഭിക്കില്ല. ഒരിക്കലും കാണാനാകാത്ത ചന്ദ്രൻ്റെ മറുപുറം ഉൾപ്പെടെ തനിരൂപത്തിൽ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂൺ ഒരുക്കുന്നത്.

More Stories from this section

family-dental
witywide