
ന്യൂയോർക്ക്: ചൈന, ഡെന്മാർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ്, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ വൈറ്റ് ലംഗ് സിൻഡ്രോം എന്ന് വിളിക്കപ്പെടുന്ന ബാക്ടീരിയൽ ന്യുമോണിയയുടെ വ്യാപനം. മൂന്നു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.
മൈകോപ്ലാസ്മ ന്യുമോണിയ എന്ന ശ്വാസകോശരോഗങ്ങൾക്കിടയാക്കുന്ന ബാക്ടീരിയൽ അണുബാധ കാരണം ബാധിക്കുന്ന രോഗമാണിതെന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്കയിലെ ഒഹിയോയിൽ മാത്രം 150 കേസുകളാണ് കഴിഞ്ഞ ഒരുമാസത്തിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ഇതിനു പിന്നിൽ പുതിയ രോഗാണുവല്ലെന്നും ഒരേസമയം ഒന്നിലധികം വൈറസുകളുടെ മിശ്രണം വ്യാപിക്കുന്നതാകാം കാരണമെന്നുമാണ് അധികൃതർ കരുതുന്നത്. നിലവിലുള്ളത് സീസണലായി കാണപ്പെടുന്ന രോഗവ്യാപനമാകാമെന്നും നിരീക്ഷിച്ചു വരികയാണെന്നുമാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സി.ഡി.സി) വ്യക്തമാക്കുന്നത്.
ഡെൻമാർക്കിൽ മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നും നെതർലാൻഡ്സിലും നിരക്കുകൾ ഉയർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.