
ന്യൂഡല്‍ഹി: ഭീകരവാദം ലോകത്തിന് മുഴുവന്‍ ഭീഷണിയാണെന്നും ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ഏതു രൂപത്തിലുള്ളതായാലും ചെറുത്തു തോല്‍പ്പിക്കണം. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കാത്തത് ഖേദകരമാണെന്ന് മോദി പറഞ്ഞു. ഒന്‍പതാമത് ജി 20 പാര്‍ലമെൻ്ററി സ്പീക്കേഴ്സ് ഉച്ചകോടി പി 20 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നിറഞ്ഞ ഒരു ലോകം ആര്‍ക്കും പ്രയോജനം ചെയ്യില്ല. വിഭജിക്കപ്പെട്ട ലോകത്തിന് മുന്നിലുള്ള വെല്ലുവിളികളെ നേരിടാൻ സാധിക്കില്ല. അതു സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള സമയമാണ്. ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ്. ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരത അഭിമുഖീകരിക്കുകയാണ്. 20 വര്‍ഷം മുൻപ് ഇന്ത്യയുടെ പാര്‍ലമെൻ്റിനെ ഭീകരര്‍ ആക്രമിച്ചു. ഭീകരവാദം ലോകത്തിനും മനുഷ്യരാശിക്കും വെല്ലുവിളിയാണെന്ന് ലോകം ഇന്നു തിരിച്ചറിയുന്നു. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ എങ്ങനെ ഒന്നിച്ചു നില്‍ക്കാമെന്ന് ലോകത്തിലെ പാര്‍ലമെൻ്റുകളും അതിൻ്റെ പ്രതിനിധികളും ചിന്തിക്കണം മോദി പറഞ്ഞു.
പ്രസംഗത്തില്‍ വനിതാ സംവരണ ബില്ലിനെ മോദി പരാമര്‍ശിച്ചു. എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വലിയ ഒരു തിരഞ്ഞെടുപ്പിനെകൂടി അഭിമുഖീകരിക്കാന്‍ തയാറെടുക്കുകയാണ്. ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പുകള്‍ വലിയ ഉല്‍സവമായി കണക്കാക്കപ്പെടുന്നു. ഇന്ത്യ നടത്തുന്നത് ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മാത്രവുമല്ല, ഏറ്റവും വലിയ ജനപങ്കാളിത്തവും ഇതില്‍ നടക്കുന്നു. ഇതുവരെ 17 പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഓരോ തവണയും ജനപങ്കാളിത്തം കൂടി വരികയാണ്. 2019 ല്‍ ഇന്ത്യയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായിരുന്നു. 600 മില്യണ്‍ ജനം ഇതില്‍ പങ്കെടുത്തു. പാര്‍ലമെൻ്ററി ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത് സൂചിപ്പിക്കുന്നത് – മോദി പറഞ്ഞു.
Narendra Modi addresses G 20 parliamentary speakers summit