
ന്യൂഡല്‍ഹി: എഐ സാങ്കേതിക വിദ്യ, ഡീപ് ഫേക്ക് എന്നിവ സംബന്ധിച്ച് മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ പാട്ടു പാടുന്ന ഒരു വീഡിയോ അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് ആ വീഡിയോ എന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഡീപ് ഫേക്ക് വലിയ വെല്ലുവിളിയാണെന്നും മോദി പറഞ്ഞു.
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ദീവാലി മിലന്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാമന്ത്രി സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെക്കുറിച്ച് സംസാരിച്ചത്. ടെക്‌നോളജി ദുരുപയോഗം ചെയ്യുന്നതിലൂടെ സംഭവിക്കുന്ന വിനാശവും മാനനഷ്ടവും വലുതാണ്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഈ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.