നവകേരള സദസ്സ്: ആഢംബര ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ഘാടന വേദിയിലെത്തി

മഞ്ചേശ്വരം: നവകേരള സദസ്സിന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും മഞ്ചേശ്വരം പൈവളിഗയിൽ എത്തി. കാസർഗോട്ടെ ഗസ്റ്റ് ഹൗസിൽ നിന്ന് ആഢംബര ബസ്സിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പൈവളിഗയിൽ എത്തിയത്. നവകേരള സദസ്സിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.

ബസിൽ നിന്നുള്ള വീഡിയോകൾ മന്ത്രിമാർ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചുകൊണ്ടായിരുന്നു വേദിയിലേക്ക് സ്വാഗതം ചെയ്തത്.

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, ജെ. ചിഞ്ചുറാണി, വി.എൻ.വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി.ശിവൻകുട്ടി, എം.ബി.രാജേഷ്, ജി.ആർ. അനിൽ, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം. ചീഫ് സെക്രട്ടറി ഡോ.വി.വേണു സ്വാഗതവും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നന്ദിയും പറയും. ഡിസംബർ 23-ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം.

സർക്കാർ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികൾ ജനങ്ങളിലെത്തിക്കാനും സംവദിക്കാനും പരാതികൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും.

More Stories from this section

family-dental
witywide