നവകേരള സൗത്ത് ഫ്ലോറിഡ ഓണാഘോഷം പ്രൗഢ ഗംഭീരമായി

വാർത്ത: സെബാസ്റ്റ്യൻ വയലിങ്കൽ
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനായ നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം വർണാഭമായി. വൻ ജനപങ്കാളിത്വവും വൈവിധ്യമാർന്നതും, പുതുമയാർന്നതുമായ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി.

കൂപ്പർ സിറ്റി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഓണസദ്യയോടെ തുടക്കം. തുടർന്ന് വാദ്യമേളങ്ങളുടെയും, താലപ്പൊലിയേന്തിയ മലയാളിമങ്കമാരുടെയും അകമ്പടിയോടെ മാവേലിമന്നനെ ആഘോഷവേദിയിലേക്ക് ആനയിച്ചു. ആർപ്പോ വിളികളോടെ, പൂക്കൾ വിതറിയും, കാഘോഷമുയർത്തിയും ആണ് മാവേലി മന്നനെ വരവേറ്റത്. നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിബു സ്കറിയ ഓണസന്ദേശം നൽകി. തുടർന്ന് വേദിയിൽ അരങ്ങേറിയത് കാണികൾക്ക് ഹൃദ്യമായി ഒരു നോൺ സ്റ്റോപ്പ് ഗാന-നൃത്ത–വാദ്യ-മേളങ്ങൾ കോർത്തിണക്കിയ കലാസന്ധ്യയായിരുന്നു.

സൗത്ത് ഫ്ലോറിഡ മലയാളികൾക്ക് നവ്യാനുഭവമായി സമയബന്ധിതമായി വർണകാഴ്ച ഒരുക്കിയ സംഘാടക മികവ് ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ നേടുകയുമുണ്ടായി.