
വയനാട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് ചെളിയില്‍ പുതഞ്ഞു. വയനാട് മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. തുടര്‍ന്ന് കെട്ടിവലിച്ചാണ് ചെളിയില്‍ നിന്ന് ബസ് പുറത്തെടുത്തത്.
മന്ത്രിമാര്‍ ബസില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ബസ് കുടുങ്ങിയത്. പിന്നാലെ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് ബസ് കെട്ടിവലിച്ചും തള്ളിയും പുറകോട്ടു നീക്കുകയായിരുന്നു. പിന്നീട് ഉറപ്പുള്ള പ്രതലത്തിലേക്ക് ബസ് മാറ്റി നിർത്തുകയും പരിപാടിക്കു ശേഷം മന്ത്രിമാരുമായി മടങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസം പെയ്ത മഴയാണ് ബസിനെ വലച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.