
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിക്കവെ, ജില്ലിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി ഇതുവരെ 14232 നിവേദനങ്ങളാണ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഞ്ചേശ്വരം 1908, കാസര്‍കോട് 3451, ഉദുമ 3733, കാഞ്ഞങ്ങാട് 2840, തൃക്കരിപ്പൂര്‍ 2300 എന്നിങ്ങനെയാണ് നിവേദനങ്ങള്‍ ലഭിച്ചത്. രണ്ടു ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ഇന്ന് മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
ജനാധിപത്യ ചരിത്രത്തിലാദ്യമായാണ് ഒരു സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ‘നവകേരള സദസ്സ്’ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകോത്തര നിലവാരം പുലര്‍ത്തുന്ന അടിസ്ഥാന സൗകര്യങ്ങളും ക്ഷേമപദ്ധതികളും സാങ്കേതികവിദ്യാ വൈദഗ്ദ്ധ്യവുമുള്ള നവകേരളത്തെ വാര്‍ത്തെടുക്കാന്‍ വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഏഴുവര്‍ഷമായി നടപ്പിലാക്കി വരുന്ന ഈ പദ്ധതികളുടെ നടത്തിപ്പിലുള്ള പുരോഗതി പൊതുജനത്തെ ബോധ്യപ്പെടുത്താനും അതുമായി ബന്ധപ്പെട്ട് അവര്‍ക്കുള്ള പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമുള്ള സംസ്ഥാനവ്യാപകമായ പരിപാടികളാണ് ‘നവകേരള സദസ്സി’ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ്തല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും.