നവാസ് ഷെരീഫ് അടുത്ത മാസം പാക്കിസ്ഥാനിൽ തിരിച്ചെത്തും

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും പാക്കിസ്ഥാന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷെരീഫ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫ് പാക്കിസ്ഥാൻ മുസ്ലീം ലീഗിനെ നയിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇതിനു മുന്നോടിയായാണ്‌ അടുത്ത മാസം ലണ്ടനില്‍ നിന്നും നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തുന്നത്.

പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ സഹോദരനായ നവാസ് ഷെരീഫിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ ഷെഹബാസ് ഷെരീഫ് ഉത്തരവിട്ടിരുന്നു. ഈദിന് ശേഷം നവാസ് ഷെരീഫ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്.

പനാമ പേപ്പേഴ്സ് കേസിൽ 2017 ജൂലൈയിലാണ് സുപ്രീം കോടതി നവാസ് ഷെരീഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നിരവധി അഴിമതി കേസുകള്‍ ആരോപിക്കുകയും ജയിലില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാണെന്നും വിദേശത്ത് ചികിത്സക്ക് പോകാന്‍ അനുവദിക്കണമെന്നും അവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ നവാസ് ഷരീഫ് ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി 4 ആഴ്ച വിദേശത്ത് പോയി ചികിത്സ തേടാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു. ഈ അവസരം ഉപയോഗിച്ച് 2019- ല്‍ നവാസ് ഷെരീഫ് ലണ്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു.

More Stories from this section

family-dental
witywide