നെഗറ്റീവ് എനര്‍ജി മാറ്റാന്‍ ഓഫീസില്‍ പ്രാര്‍ഥന നടത്തി; തൃശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍: ‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ തൃശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെഎ ബിന്ദുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവം വിവാദമായതോടെ വകുപ്പു മന്ത്രി വിഷയത്തില്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.

വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സിവില്‍ സ്റ്റേഷനിലുള്ള തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസിലാണ് ആഴ്ചകള്‍ക്കു മുന്‍പ് പ്രാര്‍ത്ഥന നടത്തിയത്. ഓഫീസില്‍ വല്ലാത്ത നെഗറ്റീവ് എനര്‍ജിയാണെന്ന് പതിവായി പറയാറുള്ള ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെഎ ബിന്ദു ഓഫീസില്‍ പല പ്രശ്‌നങ്ങളുമുണ്ടാകുന്നത് നെഗറ്റീവ് എനര്‍ജി കൊണ്ടാണെന്നും പരാതി പറയാറുണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ് ഓഫീസിലെ ജീവനക്കാരോട് പ്രാര്‍ഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടത്. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് പ്രാര്‍ത്ഥന നടത്തിയത്. ഇതേ ഓഫീസിലുള്ള ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. സംഭവം വിവാദമായതോടെയാണ് വകുപ്പുതല ഇടപെടലുണ്ടായത്.

ശിശുസംരക്ഷണ ഓഫീസറായ കെഎ ബിന്ദുവുമായുള്ള അഭിപ്രായഭിന്നതകളും മാനസികസമ്മര്‍ദവും കാരണം അടുത്തിടെ നാല് താത്കാലികജീവനക്കാര്‍ ജോലി അവസാനിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു ശേഷമാണ് നെഗറ്റീവ് എനര്‍ജിയുെട പേരില്‍ പ്രാര്‍ത്ഥന നടത്തിയത്.

More Stories from this section

family-dental
witywide