ലഖ്നോ: ഉത്തർപ്രദേശിലെ സീതാപൂരിൽ മുസ്‍ലിം ദമ്പതികളെ അയൽക്കാർ തല്ലിക്കൊന്നു. ഇരുമ്പ് വടികൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവരുടെ മകന് ഹിന്ദുപെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കേസിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.
അബ്ബാസും ഭാര്യ കമറുൽ നിഷയുമാണ് കൊല്ലപ്പെട്ടത്. വർഷങ്ങൾക്ക് മുമ്പ് ഇവരുടെ മകൻ ഷൗക്കത്തിന് ഹിന്ദു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഷൗക്കത്തിനെതിരെ കേസെടുത്ത് ജയിലിലേക്ക് അയച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഷൗക്കത്ത് ജയിൽ മോചിതനായത്. ഇതിന് പിന്നാലെ പെൺകുട്ടി ഷൗക്കത്തിനൊപ്പം ഇറങ്ങി പോകുകയായിരുന്നു. തുടർന്ന് ഇവരുടെ വിവാഹവും നടന്നു. ഇതിന്റെ ദേഷ്യത്തിലാണ് പെൺകുട്ടിയുടെ പിതാവ് ഉൾപ്പടെയുള്ളവരെത്തി ക്രൂരമായ കൊലപാതകം നടത്തിയത്. കേസിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ടെന്നും രണ്ട് പേർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സീതാപൂർ പൊലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു.