
ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശർമയേയും അതിയാ ഷെട്ടിയേയും കളിയാക്കിയ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരത്തിനിടെയായിരുന്നു സംഭവം. സ്റ്റാർ സ്‌പോർട്‌സിൽ ഹിന്ദി കമന്റേറ്ററായിരുന്നു ഹർഭജൻ. കളിക്കിടെ സ്‌ക്രീനിൽ ഗാലറിയിൽ ഇരിക്കുന്ന അനുഷ്‌കയെയും അതിയാ ഷെട്ടിയെയും കാണിച്ചു. ഇതുവരും സംസാരിക്കുന്ന ദൃശ്യങ്ങളായിരുന്നു സ്ക്രീനിൽ.
അനുഷ്‌കയും അതിയയും സിനിമയെക്കുറിച്ചാകും സംസാരിക്കുന്നതെന്നും ക്രിക്കറ്റിനെക്കുറിച്ച് ഇവർക്ക് എത്രമാത്രം അറിവുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്നുമായിരുന്നു ഹർഭജന്റെ പരാമർശം.
വിരാട് കോഹ്‌ലിയും കെ എൽ രാഹുലും ബാറ്റ് ചെയ്യുന്നതിനിടെയാണ് കോഹ്‌ലിയുടെ ഭാര്യായായ അനുഷ്‌കയെയും രാഹുലിന്റെ പങ്കാളിയായ അതിയയെയും സ്‌ക്രീനിൽ കാണിച്ചത്.
ഹർഭജന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വിവാദ പരാമർശം ഹർഭജൻ പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യമുയരുന്നുണ്ട്.സ്ത്രീകൾക്ക് ക്രിക്കറ്റിനെക്കുറിച്ച് അറിയില്ലെന്നാണോ ഹർഭജൻ കരുതുന്നതെന്നും ആംആദ്മി പാർട്ടി നേതാവായ ഹർഭജന് അറിയുന്ന രാഷ്ട്രീയത്തിനേക്കാൾ കൂടുതൽ അനുഷ്‌കയ്ക്കും അതിയയ്ക്കും ക്രിക്കറ്റ് അറിയാമെന്നും കമന്റുകൾ വരുന്നുണ്ട്.
Netizens slam Harbhajan Singh for sexist comments