‘ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, കഴിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല’; ജഗന്നാഥ ക്ഷേത്രദർശന വിവാദത്തിന് കാമിയ ജാനി

ന്യൂഡൽഹി: ഫുഡ് ബ്ലോഗർ കാമിയ ജാനി അടുത്തിടെ ഒഡീഷയിലെ പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചത് കോളിളക്കം സൃഷ്ടിച്ചിരുന്നു. കാമിയ ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്നും അത്തരമൊരാള്‍ക്ക് എങ്ങനെയാണ് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചതെന്നുമാണ് ബിജെപി നേതാക്കളുടെ ചോദ്യം. കാമിയയെ അറസ്റ്റ് ചെയ്യണമെന്നു ഭരണകക്ഷിയായ ബിജെഡിയോട് ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു.

ബീഫ് ഉപഭോഗം പ്രോത്സാപിപ്പിക്കുന്നയാൾക്ക് സംസ്ഥാന സർക്കാർ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചു എന്നായിരുന്നു ബിജെപി ഉന്നയിച്ച ആരോപണം. ഇതിനു മറുപടിയുമായി കാമിയ ജാനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും ബീഫ് കഴിക്കാറില്ലെന്നും കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ലെന്നും ആണ് കാമിയയുടെ മറുപടി.

“ഭഗവാന്‍ ജഗന്നാഥന്റെ അനുഗ്രഹം തേടാനും ക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോ ചിത്രീകരണത്തിനുമാണ് ഞാന്‍ പോയത്. ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. ഞാൻ ഒരിക്കലും ബീഫ് കഴിച്ചിട്ടില്ല, പ്രോത്സാഹിപ്പിച്ചിട്ടുമില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, യഥാർത്ഥ വസ്തുതകളും സത്യവും അറിയിക്കുക എന്നത് പ്രധാനമാണ്. ഈ ഒരു സംഭവം, ഒരു തരത്തിലും എന്റെ രാജ്യത്തെക്കുറിച്ചും സമ്പന്നമായ സംസ്കാരത്തെക്കുറിച്ചുമുള്ള എന്റെ അഭിമാനത്തെ ഉലയ്ക്കില്ല. ഇന്ത്യക്കാരിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു,” കാമിയ പറഞ്ഞു.

ബീഫ് വിളമ്പുന്ന ഒരു റെസ്റ്റോറന്‍റില്‍ ഇരിക്കുന്ന കാമിയയുടെ ഫോട്ടോ സഹിതമാണ് ബിജെപിയുടെ പ്രചാരണം. ഈ ഫോട്ടോ കേരളത്തില്‍ നിന്നുള്ളതാണെന്നും രണ്ട് ട്രക്ക് ഡ്രൈവര്‍മാരുടെതാണ് ആ റെസ്റ്റോറന്‍റെന്നും വീഡിയോ ചിത്രീകരണത്തിന്‍റെ ഭാഗമായാണ് താന്‍ ആ റെസ്റ്റോറന്‍റില്‍ എത്തിയതെന്നും കാമിയ വിശദീകരിച്ചു. പ്രാദേശിക പാചക രീതികളെക്കുറിച്ച് താൻ നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. എന്നാൽ അതിനർത്ഥം അതെല്ലാം താന്‍ കഴിക്കുമെന്നല്ല. തെറ്റിദ്ധാരണ മൂലം വേദനിച്ചവരിലേക്ക് ഈ വിശദീകരണം എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാമിയ പറഞ്ഞു.

More Stories from this section

family-dental
witywide