പുതിയ വകഭേദത്തെ ‘കൊവിഡ് വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1നെ വേരിയന്റ് ഓഫ് ഇന്ററസ്റ്റായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. പുതിയ കൊവിഡ് പല രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചതിനെ തുടര്‍ന്നാണ് ഇവയെ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇവ ആളുകളുടെ ജീവനും ആരോഗ്യത്തിനും വലിയ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

“ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, JN.1 ഉയർത്തുന്ന ആഗോള പൊതുജനാരോഗ്യ അപകടസാധ്യത നിലവിൽ കുറവാണെന്ന് വിലയിരുത്തപ്പെടുന്നു,” സംഘടന പറഞ്ഞു.

ബിഎ.2.86ല്‍ നിന്നുള്ള വകഭേദമായതിനാല്‍ കൂടിയാണ് ഇവയെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റാ’യി ലോകാരോഗ്യ സംഘടന കാണുന്നത്. ജെഎന്‍1നെ തുടര്‍ന്നുള്ള കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെയും മരണ സാധ്യതകളെയും തടയാന്‍ ഇപ്പോള്‍ ലോകത്ത് ലഭ്യമായിട്ടുള്ള വാക്‌സിനുകള്‍ക്ക് സാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു.

അതേസമയം, ഡിസംബർ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം, യുഎസില്‍ ആകെയുള്ള കൊവിഡ് കേസുകളില്‍ 15 മുതല്‍ 29 ശതമാനം വരെയുള്ളവ ജെഎന്‍1 വകഭേദമാണെന്ന് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാണ് ജെഎന്‍.1 എന്നതിന് തെളിവുകളൊന്നും ഇല്ലെന്നും, പുതിയ വാക്‌സിനേഷന്‍ ഇവയെ പ്രതിരോധിക്കുമെന്നും സിഡിസി അറിയിച്ചിരുന്നു.

ജെഎന്‍1 വകദേഭം ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎസിലാണ് ആദ്യം കണ്ടെത്തിയത്. ഈ വേരിയന്റ് കാരണം ചൈനയില്‍ ഏഴോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.