നടപ്പാതകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; യുഎൻ യോഗത്തിന് മുന്നോടിയായി നഗരത്തിന്റെ ദരിദ്രമുഖം ഒളിപ്പിക്കാൻ അമേരിക്ക

ന്യൂയോർക്ക് സിറ്റി: ഇന്ന് ആരംഭിക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല യോഗത്തിനായി ലോകനേതാക്കൾ ന്യൂയോർക്കിൽ എത്താനിരിക്കെ, ന്യൂയോർക്ക് നഗരത്തിന്റെ മുഖം മിനുക്കാൻ പൊലീസ്. ലോകനേതാക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്നവരെ പൊലീസ് ഒഴിപ്പിച്ചു തുടങ്ങി.

പാതയോരങ്ങളിൽ ഷെഡുകൾ തീർത്തും കുടക്കീഴിലുമെല്ലാമായി അന്തിയുറങ്ങിയിരുന്ന ദരിദ്രരെയാണ് അടിയന്തരമായി ഒഴിപ്പിച്ചത്. പ്രധാനമായും യുഎൻ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്ന റോഡിന്റെ വശങ്ങളിലുള്ളവരെയാണ് ഒഴിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭവനരഹിതരയ നൂറുകണക്കിന് ആളുകളുള്ള നഗരത്തിൽ, പാതയോരങ്ങളിൽ കുടിൽ കെട്ടി താമസിക്കുന്നവരെ എല്ലാ വർഷവും ന്യൂയോർക്ക് പൊലീസ് ഒഴിപ്പിക്കാറുണ്ട്. ഇത്തവണ ഐക്യരാഷ്ട സംഘടനയുടെ സുപ്രധാന യോഗം ചേരുന്നതിനു മുന്നോടിയായി ഈ ഒഴിപ്പിക്കൽ നടത്തുകയായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഏതാണ്ട് 150ൽ അധികം പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമാണ് യുഎൻ യോഗത്തിനായി ന്യൂയോർക്കിലെത്തുന്നത്. ഇവർക്കായി സുരക്ഷ ഒരുക്കുന്നതിന്റെ പേരിലാണ് ഒഴിപ്പിക്കലെങ്കിലും ലോകത്തിന്റെ സാമ്പത്തിക, മാധ്യമ തലസ്ഥാനമായ ന്യൂയോർക്കിന്റെ മറ്റൊരു മുഖം ലോക നേതാക്കൾ കാണുന്നതിലുള്ള ബുദ്ധിമുട്ടാണ് ഒഴിപ്പിക്കൽ നടപടിക്കു പിന്നിലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം യോഗങ്ങൾക്കു മുന്നോടിയായി യുഎൻ ആസ്ഥാനം ഉൾപ്പെടുന്ന മേഖലയിൽ അതീവ സുരക്ഷ ഒരുക്കാറുണ്ട്. ന്യൂയോർക്ക് പൊലീസ്, ഫെഡറൽ ഏജന്റ്സ് എന്നിവർക്കു പുറമെ യുഎൻ ഒരുക്കുന്ന പ്രത്യേക സുരക്ഷയുമുണ്ട്. ഈ മേഖലയിൽ താമസിക്കുന്ന ആളുകളെയും കടുത്ത സുരക്ഷാ പരിശോധനകൾക്കുശേഷം മാത്രമേ ഇവിടേക്കു പ്രവേശിപ്പിക്കൂ.

More Stories from this section

dental-431-x-127
witywide