ന്യൂയോർക്ക്: മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി വനിതാ ഡോക്ടറുടെ ആത്മഹത്യ

ന്യൂയോർക്ക്: പ്രശസ്ത ക്യാന്‍സർ വിദഗ്ദയായിരുന്ന വനിതാ ഡോക്ടർ സ്വന്തം കുഞ്ഞിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മൗണ്ട് സിനായ് ഹോസ്പിറ്റലിലെ കാൻസർ വിദ്ഗധയായിരുന്ന ഡോ. ക്രിസ്റ്റൽ കാസെറ്റയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ വെടിവെച്ചുകൊന്നതിനുശേഷം ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്.

ന്യൂയോർക്ക് സിറ്റിയില്‍ നിന്ന് 50 മെെല്‍ അകലെയുള്ള സോമേഴ്‌സിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. കുട്ടിയുടെ മുറിയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ വെടിവെച്ച ശേഷം സ്വയം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെടിയൊച്ച കേട്ട ശേഷം വീടിനകത്തുനിന്ന് തന്നെ ഒരാള്‍ 911 -ലേക്ക് വിളിക്കുകയായിരുന്നു. വെടിയൊച്ച കേട്ട വ്യക്തി മുറിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

2019-ലാണ് ഡോ. ക്രിസ്റ്റൽ കാസെറ്റയും ഭർത്താവ് ടിം ടാൽറ്റിയും വിവാഹിതരായത്. 37 കാരനായ ഭർത്താവും കുട്ടിയുമായി സോമേഴ്സിലെ വീട്ടിലാണ് ഡോ. ക്രിസ്റ്റല്‍ താമസിച്ചിരുന്നത്. കുട്ടിയുടെ പ്രായം ഔദ്യോഗികമായി പൊലീസ് പുറത്ത് വിട്ടിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനുസരിച്ച്  മാർച്ചിലാണ് കുഞ്ഞ് ജനിച്ചത്.

മൗണ്ട് സിനായ് ഹോസ്പിറ്റലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, മൗണ്ട് സീനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ മെഡിസിൻ അസിസ്റ്റന്റ് പ്രഫസറായിരുന്നു ഡോ. കാസെറ്റ. സ്തനാർബുദ ക്ലിനിക്കൽ ട്രയലുകളുടെ ഗവേഷണത്തിൽ സജീവമായിരുന്നു. ഗൈനക്കോളജിക്കൽ കാൻസർ, കുടലിലെ കാൻസർ എന്നിവയുടെ ചികിത്സകളില്‍ ഭാഗമായിരുന്നു.

More Stories from this section

family-dental
witywide