
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് ഓഫീസില്‍ പോലീസ് രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡ് അവസാനപ്പിച്ചു. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്തയെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തു. മാധ്യമ സ്ഥാപനത്തിന് എതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ലാപ്പ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്‍ എന്നിവരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.
അതേസമയം പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യത്തിലല്ല, മറിച്ച് ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകന്‍ താമസിക്കുന്ന സ്ഥലത്താണ് പോലീസ് റെയ്ഡ് നടത്തിയതെന്ന് യെച്ചൂരി പ്രതികരിച്ചിരുന്നു. ന്യൂസ് ക്ലിക്കില്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്യുന്ന സുമിത് യെച്ചൂരിയുടെ വീടിന്റെ പുറകിലെ കെട്ടിടത്തിലാണ് താമസിക്കുന്നത്. സിപിഎമ്മിന്റെ ആസ്ഥാനമായ ഡല്‍ഹി എകെജി ഭവനിലെ ഒരു ജീവനക്കാരന്റെ മകനാണ് സുമിത്. ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഡല്‍ഹി പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിനെതിരെയുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്.
2023 ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ യുഎസ് ശതകോടീശ്വരനായ നെവില്‍ റോയ് സിങ്കം ന്യൂസ്‌ക്ലിക്കിന് ധനസഹായം നല്‍കുന്നതായി ആരോപിച്ചിരുന്നു. ചൈനീസ് മാധ്യമങ്ങളുമായി അടുത്തബന്ധമുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിങ്കം ന്യൂസ്‌ക്ലിക്കിന് ധനസഹായം നല്‍കുന്നുണ്ടെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. കേസില്‍ നേരത്തെ അന്വേഷണമാരംഭിച്ച ഇഡി, സ്ഥാപനത്തിന്റെ ചില ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു.
ഇതിനുപിന്നാലെ ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബൈ രംഗത്തെത്തിയിരുന്നു. സിപിഎം നേതാവ് പ്രകാശ് കാരാട്ടും നെവില്‍ റോയിയും കൈമാറിയ ഇമെയില്‍ സന്ദേശങ്ങളുടെ രേഖകള്‍ പക്കലുണ്ടെന്ന് ദുബെ പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. ഇന്ത്യ വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാനാണ് ധനസഹായം നല്‍കുന്നതെന്ന ഗുരുതര സ്വഭാവമുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.
news-click-editor-in-custody-the-raid-is-over