
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനു നേരെ നടക്കുന്ന ഭരണകൂട വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്കിലെ മാധ്യമപ്രവർത്തകരും ആക്‌ടിവിസ്റ്റുകളും പ്രതിഷേധം നടത്തി. ന്യൂയോർക്ക് ടൈംസ് ഓഫിസിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ന്യൂയോർക്ക് ടൈംസിന്റെ കള്ളങ്ങളാണ് ന്യൂസ്‌ക്ലിക്ക് റെയ്‌ഡിനു പിന്നിൽ എന്നെഴുതിയ പ്ലക്കാർഡുകളുമായായിരുന്നു പ്രതിഷേധം.
ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിൽ ചൈനയില്‍ നിന്ന് ന്യൂസ്‌ക്ലിക്ക് ധനസഹായം സ്വീകരിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ന്യൂസ്‌ക്ലിക്കിന്റെ ഓഫിസിലും മാധ്യമപ്രവർത്തകരുടെ വീട്ടിലും ഡൽഹി പൊലീസ് റെയ്‌ഡ് നടത്തിയതും ചീഫ് എഡിറ്ററായ പ്രബീര്‍ പുരകായസ്ഥയേയും എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയേയും അറസ്റ്റ്ചെയ്ത് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ന്യൂസ്ക്ലിക്ക് ബന്ധമുണ്ടെന്ന പേരിൽ മറ്റ് സാമൂഹിക പ്രവർത്തകരുടെ വീടുകളിലും റെയ്‌ഡ് നടത്തിയിരുന്നു. യുഎപിഎ കേസാണ് ഇവര്‍ക്കെതിരെ എടുത്തിരിക്കുന്നത്.
സത്യം പറയുന്നതിന്റെ പേരിൽ മാധ്യമങ്ങളെ വേട്ടയാടുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് നിലപാടിനെതിരെയും പ്രതിഷേധക്കാർ ആഞ്ഞടിച്ചു. ഇന്ത്യയിൽ നടന്ന കർഷകസമരത്തെ കൃത്യമായി വെളിച്ചത്തുകൊണ്ടുവന്നതിനാലാണ് ന്യൂസ്‌ക്ലിക്കിനെതിരെ ഇത്തരത്തിലുള്ള നടപടികളുണ്ടായതെന്നും ന്യൂസ്‌ക്ലിക്കിലെ യാഥാർഥ മാധ്യമപ്രവർത്തകർക്കൊപ്പം നിൽക്കുന്നുവെന്നും പ്രതിഷേധക്കാർ കുറിച്ചു. ന്യൂസ്‌ക്ലിക്ക് രണ്ട് വർഷമായി നേരിടുന്ന പ്രശ്‌നങ്ങൾക്ക് പുറകിലും ന്യൂയോർക്ക് ടൈംസിന്റെ ക്യാമ്പയിനാണെന്നും മോദി സർക്കാർ മനഃപൂർവം ന്യൂസ്‌ക്ലിക്കിനെ ഉന്നം വെയ്‌ക്കുകയാണെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.