
ന്യൂഡൽഹി: നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) തലവൻ ഖാലിസ്ഥാൻ അനുകൂല വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസെടുത്തു. വിമാനയാത്രക്കാരെയും എയർ ഇന്ത്യ എയർലൈൻസിനെയും ഭീഷണിപ്പെടുത്തുന്ന വീഡിയോയുടെ പേരിലാണ് കേസ്. നവംബർ നാലിനാണ് ഇദ്ദേഹത്തിന്റെ വീഡിയോ പുറത്തുവന്നത്.
‘‘നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോളതലത്തിൽ ഉപരോധം ഉണ്ടാകും. നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്താൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും,’’ എന്നായിരുന്നു പന്നുൻ വിഡിയോയിൽ പറഞ്ഞത്.
എയർ ഇന്ത്യയെ ലോകത്ത് ഒരിടത്തും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പന്നൂൻ ഭീഷണിപ്പെടുത്തിയിരുന്നു. പന്നൂന്റെ വാദങ്ങളും ഭീഷണികളും കാനഡ, ഇന്ത്യ എന്നിവയ്ക്കു പുറമെ എയർ ഇന്ത്യ പറക്കുന്ന മറ്റ് ചില രാജ്യങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ സേനയുടെ അന്വേഷണത്തിനും ജാഗ്രതയ്ക്കും കാരണമായിട്ടുണ്ട്.
ഐപിസിയുടെ 120 ബി, 153 എ, 506 വകുപ്പുകളും 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 10, 13, 16, 17, 18, 18 ബി, 20 എന്നീ വകുപ്പുകളും പ്രകാരമാണ് എൻഐഎ പന്നൂനെതിരെ കേസെടുത്തിരിക്കുന്നത്.