
കോഴിക്കോട്: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെന്ന് എൻഐഎ അറിയിച്ചു.
പട്നയിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് ജില്ലയിലെ പരിശോധന. ക്രിമിനൽ ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായി എൻഐഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പട്നയിലെ ഫുൽവാരിഷരിഫ് പൊലീസ് സ്റ്റേഷനിൽ 2022 ജൂലായ് 14ന് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പാക്ക് പൗരൻ നിർമിച്ച വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന മർഖൂബ് അഹമ്മദിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോടിനു പുറമെ മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ സോമനാഥ്, ഉത്തർപ്രദേശിലെ അസംഘട്ട് ജില്ലകളിലായിരുന്നു എൻഐഎ സംഘം ഞായറാഴ്ച റെയ്ഡ് നടത്തിയത്. മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവയ്ക്ക് പുറമെ ചില സുപ്രധാന രേഖകളും കണ്ടെടുത്തിട്ടുണ്ട്.
രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനമടക്കം ലക്ഷ്യമിട്ട് പ്രവർത്തനം നടത്തിയ അഹമ്മദ് ദാനീഷ് എന്ന വ്യക്തിയെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി കണ്ടെത്തി. തുടർന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഈ കേസിൽ ഈ വർഷം ആദ്യം ഡാനീഷിനെതിരെ എൻഐഎ കുറ്റപ്പത്രം സമർപ്പിച്ചിരുന്നു.