ന്യൂഡൽഹി: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കിയ സൈനിക അട്ടിമറിയെത്തുടർന്ന് സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരന്മാരോട് നൈജർ വിടാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യാഴാഴ്ച ആവശ്യപ്പെട്ടു. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
“നൈജറിലെ സംഭവവികാസങ്ങൾ ഇന്ത്യൻ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തിന്റെ വെളിച്ചത്തിൽ, സാന്നിധ്യം അനിവാര്യമല്ലാത്ത ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദ്ദേശിക്കുന്നു. നിലവിൽ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. കര ഗതാഗതത്തിലൂടെ പുറപ്പെടുമ്പോൾ, സുരക്ഷ ഉറപ്പാക്കാൻ പരമാവധി മുൻകരുതലുകൾ എടുക്കണം,” അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വരും ദിവസങ്ങളിൽ നൈജറിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരോട് സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ തങ്ങളുടെ യാത്രാ പദ്ധതികൾ പുനഃപരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ബാഗ്ചി പറഞ്ഞു.
പ്രസിഡന്റായിരുന്ന മുഹമ്മദ് ബസൗം നിലവിൽ വീട്ടുതടങ്കലിലാണ്. 2011 മുതല്‍ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്ന ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി യുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി. ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും ചെയ്ത സൈന്യം തലസ്ഥാനമായ നിയാമെയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ച് മുദ്രവെച്ചു. സേനകള്‍ചേര്‍ന്ന് നിലവിലെ ഭരണകൂടത്തിന് അന്ത്യംകുറിക്കുകയാണെന്നാണ് പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയ ഷിയാമി ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.
നിലവിലെ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും രാജ്യസുരക്ഷയുറപ്പാക്കുന്നതിലും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വിഷയമാണെന്നും വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്നും പറഞ്ഞ ഷിയാമി രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി പുതിയ നേതാവായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു.