
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാനവീയം വീഥിയിലേത് പരിപൂര്‍ണ സ്വാതന്ത്ര്യത്തോടെയുള്ള നൈറ്റ് ലൈഫ് അല്ലെന്ന് ഓര്‍മ്മ വേണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. നിലവിലെ നിയമപ്രകാരം 10 മണി കഴിഞ്ഞ് മൈക്കോ ഡ്രംസ് പോലുള്ള വാദ്യോപകരണങ്ങളോ പാടില്ല. ഇതല്ലാതെയുള്ള എന്റര്‍ടെയ്ന്‍മെന്റ് ഉപാധികള്‍ ഉപയോഗിക്കാം. ജനങ്ങള്‍ പാര്‍ക്കുന്ന മേഖല കൂടിയാണിത്. അതുകൊണ്ടു തന്നെ ശബ്ദം മൂലമുള്ള എന്റര്‍ടെയ്ന്‍മെന്റ് രാത്രി 10 മുതല്‍ രാവിലെ ആറു വരെ ഒഴിവാക്കേണ്ടതാണ്.
നൈറ്റ്ലൈഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഷോപ്പിങ്ങ്, എന്റര്‍ടെയ്ന്‍മെന്റ്, ഭക്ഷണം തുടങ്ങിയവയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരും യുവാക്കളും അടക്കം എല്ലാവര്‍ക്കും ഇത് വിനോദമായി മാറണം. ഒരാള്‍ക്ക് എന്‍ജോയ്മെന്റ് മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന അവസ്ഥയാകരുത്. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ എന്‍ജോയ് ചെയ്യാന്‍ വേണ്ടിയാണ് നൈറ്റ് ലൈഫ് സംവിധാനം കൊണ്ടു വന്നിട്ടുള്ളത്. നിര്‍ഭയമായി പോകാനാകുന്ന സ്ഥിതിയുണ്ടാകണം. നൈറ്റ് ലൈഫ് ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ ഉയര്‍ച്ചയാണ്.
ആളുകള്‍ അവരവരുടെ ലിമിറ്റില്‍ നിന്നാല്‍ പൊലീസ് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ല. എന്നാല്‍ ലിമിറ്റ് വിട്ടുപോയാല്‍ പൊലീസിന് കര്‍ശനമായി ഇടപെടേണ്ടി വരുമെന്നും കമ്മീഷണര്‍ ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെ മദ്യപാനത്തെത്തുടര്‍ന്ന് ബഹളമുണ്ടായിരുന്നു. ഇന്നലെ പൊലീസിന് നേര്‍ക്ക് ഒരു സംഘം കല്ലെറിഞ്ഞു. മദ്യപസംഘമാണ് പൊലീസിനെ ആക്രമിച്ചത്. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ആളുകള്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. ഇത്തരം അക്രമങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും.
നൈറ്റ് ലൈഫില്‍ വരുന്നവരിലെ മയക്കുമരുന്ന് ഉപയോഗം അടക്കം കണ്ടെത്താന്‍ ഉമീനീര്‍, യൂറിന്‍ അടക്കമുള്ളവ പരിശോധിക്കുന്ന ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് പരിശോധന ഏര്‍പ്പെടുത്തും. ഇതുവഴി രണ്ടു ദിവസം വരെ ലഹരിമരുന്ന് ഉപയോഗിച്ചാല്‍ കണ്ടെത്താനാകും. ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ്, ബ്രീത് അനലൈസര്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. അങ്ങനെ പിടികൂടുന്നവരെ ജയിലില്‍ അടയ്ക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. മാനവീയം വീഥിയിലെ ഇപ്പോഴുണ്ടായ സംഭവങ്ങളെല്ലാം സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ മാത്രമാണെന്നും ഇതെല്ലാം ശരിയാക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.










