നിപ്പ ജാഗ്രത : കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനും നിപ്പ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ മുഴുവന്‍ കനത്ത ജാഗ്രത. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസത്തേക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 14, 15 തീയതികളില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

രാത്രി വൈകി ഫേസ് ബുക്കിലാണ് കലക്ടര്‍ അവധി അറിയിച്ചത്. നിപ്പ ബാധയുടെ ഭാഗമായി ജാഗ്രത ശക്തമാക്കുന്നതിനായാണ് അവധിയെന്ന് കലക്ടര്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലാനായി അധ്യയനം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തേ, കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികളും അടുത്ത 10 ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഉല്‍സവം, പള്ളിപ്പെരുന്നാള്‍ എന്നിവ ചടങ്ങായി മാത്രം നടത്തണം, ആള്‍കൂട്ടം പാടില്ല. കല്യാണം പോലുള്ള ആളുകൂടുന്ന ചടങ്ങുകള്‍ പരമാവധി ആളെ കുറച്ച് പങ്കെടുപ്പിച്ച് നടത്തണം. അതിനായി മുന്‍കൂര്‍ പൊലീസിനോട് അനുവാദം വാങ്ങണം.

നിപ്പ ബാധിച്ച് ചികില്സ‍യിലുള്ളവര്‍ മൂന്നുപേരാണ്. രണ്ടുപേര്‍ നിപ്പ ബാധിച്ച് മരിക്കുകയും ചെയ്തു. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 24 വയസ്സുള്ള ആരോഗ്യപ്രവര്‍ത്തകനാണ് ഏറ്റവും ഒടുവിലായി നിപ്പ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിപ്പ ലക്ഷണങ്ങളുണ്ടായിരുന്നു. അതില്‍ ഒരാളുടെ ഫലം നെഗറ്റീവാണ്.

മലപ്പുറം മഞ്ചേരിയില്‍ ഒരാളും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു ഡന്റല്‍ കോളജ് വിദ്യാര്‍ഥിയും നിപ്പ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണ്.

അതിനിടെ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കി. നിപ്പ പ്രഭവകേന്ദ്രത്തിന് സമീപമുള്ള 9 പഞ്ചായത്തുകളിലെ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. കൊവിഡ് കാലത്തേതിനു സമാനമായ സാഹചര്യത്തിലേക്ക് കോഴിക്കോട് ജില്ല മാറിക്കൊണ്ടിരിക്കുകയാണ്.

More Stories from this section

family-dental
witywide