
കൊച്ചി : കുസാറ്റിലെ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ അനുശോചിച്ച് ബോളിവുഡ് ഗായിക നികിത ഗാന്ധി. അപകടത്തിലകപ്പെട്ട വിദ്യാർഥികളുടെ കുടുംബത്തോടൊപ്പമാണ് തന്റെ പ്രാർഥനയെന്ന് നികിത ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ഹൃദയം തകർന്നുപോയി, കൊച്ചിയിൽ ശനി വൈകിട്ട് നടന്ന സംഭവം എന്നെ തകർത്തു. ഗാനനിശയ്ക്കായി ഞാൻ എത്തുംമുമ്പേ അപകടം നടന്നിരുന്നു. അത്യന്തം ദുഃഖകരമായ അവസ്ഥയെക്കുറിച്ച് പറയാൻ വാക്കുകളില്ല. അപകടത്തിലകപ്പെട്ട വിദ്യാർഥികളുടെ കുടുംബത്തോടൊപ്പമാണ് എന്റെ പ്രാർഥന’ എന്നായിരുന്നു നികിത കുറിച്ചത്.
നികിത ഗാന്ധിയുടെ സംഗീതനിശ ആരംഭിക്കാനിരിക്കെയാണ് കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അപകടമുണ്ടായത്. കുസാറ്റിലെ ടെക് ഫെസ്റ്റായ ‘ധിഷ്ണ’യുടെ കലാശക്കൊട്ടായാണ് നികിത ഗാന്ധിയുടെ ഗാനനിശ സംഘടിപ്പിച്ചത്. ബോളിവുഡിലെ ജനപ്രിയ ഗായികയാണ് കൊൽക്കത്തക്കാരിയായ നികിത. യുവാക്കൾക്കിടയിൽ അറിയപ്പെടുന്ന ഗായികയാണ്. നികിതയുടെ അഞ്ചംഗ ബാൻഡ് കേരളത്തിൽ പലയിടത്തും പരിപാടി അവതരിപ്പിച്ചുണ്ട്. തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളിൽ നിരവധി ഹിറ്റുപാട്ടുകളുടെ ഉടമയാണ് നികിത.
Nikita Gandhi’s condolences to the diseased