നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്രതലത്തില്‍ സാധ്യമായ എല്ലാ സഹായവും നല്‍കും: കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനില്‍ തടവില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്രതലത്തില്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. യെമനിലെ നിയമപ്രശ്‌നമായതിന്റെ പരിമിതിയുണ്ട്. എങ്കിലും എല്ലാവിധത്തിലും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയതായി വിവരം ലഭിച്ചതിന്റെ പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയിരുന്നു. സുപ്രീംകോടതിയും അപ്പീല്‍ തള്ളിയതോടെ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമാണ് വധശിക്ഷയില്‍ ഇളവ് നല്‍കാന്‍ അധികാരമുള്ളത്. നിമിഷപ്രിയയുടെ ഹര്‍ജി നേരത്തെ യെമന്‍ കോടതിയും തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

മകളുടെ മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ ഇപ്പോഴുള്ളത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

അതേസമയം യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍, ഏകദേശം 1.5 കോടി രൂപ നഷ്ടപരിഹാരത്തുക നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

More Stories from this section

family-dental
witywide