ഹാരിസിന്റെ മൃതദേഹം നിപ്പ മാനദണ്ഡങ്ങള്‍ പാലിച്ച് ഖബറടക്കി, മൂന്ന് കേന്ദ്രസംഘങ്ങള്‍ കേരളത്തിലേക്ക്

കോഴിക്കോട്: കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച വടകര, ആയഞ്ചേരി മംഗലാട് മമ്പിളിക്കുനി ഹാരിസിന്റെ (40) മൃതദേഹം നിപ്പ മാനദണ്ഡങ്ങള്‍ പാലിച്ച് ഖബറടക്കി. കടമേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാത്രി 12 മണിയോടെയാണ് ഖബറടക്കിയത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ആരോഗ്യ പ്രവര്‍ത്തകരാണ് മിംസ് ആശുപത്രിയില്‍ നിന്നു മൃതദേഹം ഏറ്റുവാങ്ങി ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കിയത്.

4 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്രസംഘങ്ങള്‍ ഇന്ന് സംസ്ഥാനത്ത് എത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നു 4 പേരടങ്ങുന്ന ഒരു വിദഗ്ധ സംഘവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചില്‍ (ഐസിഎംആര്‍) നിന്നുള്ള സംഘവും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ ലാബ് യൂണിറ്റ് അടങ്ങുന്ന മറ്റൊരു സംഘവും കോഴിക്കോട് എത്തും. രോഗത്തിന്റെ പ്രഭവകേന്ദ്രമായി സംശയിക്കുന്ന മരുതോങ്കരയിലും ആയഞ്ചേരിയിലും സംഘം പരിശോധന നടത്തും.

പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ലാബ് സജ്ജമാക്കുമെന്നും ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും. പൊലീസിന്റെ കൂടി സഹായം തേടും. നിപ്പ ബാധിതരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും.