തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും നിപ ആശങ്ക. നിപ ലക്ഷണങ്ങളോടെ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. അസ്വാഭാവിക പനിബാധയോടെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി.
കടുത്ത പനി ഉള്‍പ്പെടെ സംശയകരമായ ലക്ഷണങ്ങള്‍ തോന്നിച്ചതോടെ ഇയാളെ പ്രത്യേക സജ്ജീകരിച്ച റൂമില്‍ നിരീക്ഷണത്തിലാക്കി. ഇയാളുടെ ശരീര സ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.
സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്നിരുന്നു. രോഗബാധ റിപ്പോര്‍ട്ട് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡെന്റല്‍ കോളജ് വിദ്യാര്‍ഥി ചികിത്സ തേടിയെത്തിയത്.
ഇയാള്‍ വവ്വാല്‍ കടിച്ച പഴങ്ങള്‍ ഭക്ഷിച്ചതായി സംശിക്കുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. ഇയാളില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം എത്തിയതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയൂയെന്നും ഡോ. എ നിസാറുദ്ദീന്‍ പറഞ്ഞു.
സംസ്ഥാനത്ത് കോഴിക്കോട് നാലു പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് പനിബാധിച്ച് ഇന്നലെ മരണമടഞ്ഞ വ്യക്തിക്ക് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച. ആദ്യം മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ സ്രവം പരിശോധനക്കയയ്ക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകാരം ആ മരണവും നിപ മൂലമാണെന്ന് സംശയിക്കുന്നുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലുള്ള ഒമ്പതു വയസുകാരനടക്കം രണ്ടു പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.