പരിശോധന ഫലം നെഗറ്റീവ്: തിരുവനന്തപുരത്തെ നിപ്പ ആശങ്ക ഒഴിഞ്ഞു

തിരുവനന്തപുരം: പനി ബാധിച്ച് നിരീക്ഷണത്തിലായിരുന്ന ‍ഡന്റല്‍ കോളജ് വിദ്യാര്‍ഥിയുടെ നിപ്പ പരിശോധന ഫലം നെഗറ്റീവ്. കടുത്ത പനി ഉള്‍പ്പെടെ സംശയകരമായ ലക്ഷണങ്ങള്‍ തോന്നിച്ചതോടെയാണ് നിപ്പ ആശങ്കയുണ്ടായത്. ഇയാള്‍ തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളജിലെ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. തോന്നക്കല്‍ വൈറോളജി ലാബിലേക്ക് അയച്ച സ്രവ പരിശോധന ഫലമാണ് ഇപ്പോള്‍ വന്നത്. ഇതോടെ തിരുവനന്തപുരത്ത് നിലനിന്ന ആശങ്ക ഒഴിഞ്ഞു.

ഇയാളുടെ ശരീര സ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ആ ഫലം വന്നിട്ടില്ല.

സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്നിരുന്നു. രോഗബാധ റിപ്പോര്‍ട്ട് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡെന്റല്‍ കോളജ് വിദ്യാര്‍ഥി ചികിത്സ തേടിയെത്തിയത്.

ഇയാള്‍ വവ്വാല്‍ കടിച്ച പഴങ്ങള്‍ ഭക്ഷിച്ചതായി സംശിക്കുന്നുവെന്ന് റിപ്പോര്‍ട്ടായിരുന്നു ആദ്യം വന്നത്. ഇയാള്‍ ബൈക്കില്‍ പോകുമ്പോള്‍ വവ്വാല്‍ ദേഹത്തുവന്നിടിച്ചു എന്ന് പറയപ്പെടുന്നു. ഇത്തരത്തില്‍ നിപ്പ പകരാന്‍ ഒരു സാധ്യതയുമില്ല. എന്നാല്‍ ഇയാള്‍ക്ക് പനി വന്നതാണ് ആശങ്കക്ക് കാരണമായത്.

സംസ്ഥാനത്ത് കോഴിക്കോട് 5 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് നിപ്പ സ്ഥിരീകരിച്ചു. നിപ്പ ബാധിച്ച ഒന്‍പതു വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു.

തിരുവനന്തപുരത്ത് ആശങ്ക ഒഴിയുമ്പോഴും കോഴിക്കോട് ജില്ലയില്‍ കടുത്ത ജാഗ്രത തുടരുകയാണ്. ജനങ്ങള്‍ കൂട്ടമായി ചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്‍പത് പഞ്ചായത്തുകളിലെ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ട് എത്തും.