നിപ സംശയം: ചികിത്സയില്‍ നാലുപേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍, കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം, മാസ്ക് ധരിക്കാൻ നിർദ്ദേശം

കോഴിക്കോട്: അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

നിലവില്‍ നാലുപേര്‍ കോഴിക്കോട് അസ്വഭാവിക പനിയെ തുടര്‍ന്ന് ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ ഭാര്യ നിരീക്ഷണത്തിലാണെന്നും 75 പേരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു. പൂനെയിലെ എന്‍ഐവിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നേരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. 16 അംഗ കോര്‍കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ എല്ലാ ആശുപത്രിയിലും പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടവും നടപ്പിലാക്കും. അനാവശ്യ ആശുപത്രി സന്ദര്‍ശം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വൈകിട്ട് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide