വയനാട്ടിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം; ഐസിഎംആർ സ്ഥീരികരിച്ചെന്നു ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നിപ്പ വൈറസ് ഭീതി ഒഴിയാതെ കേരളം. ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പഠനത്തിൽ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലാണ് വൈറസ് ഉള്ള വവ്വാലുകളെ കണ്ടെത്തിയത്.

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണെന്നും മറ്റു ജില്ലകളിലും നിപ്പയുടെ സാന്നിധ്യത്തെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. വയനാട് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധിക്കുന്നത് ഐസിഎംആർ വർധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വയനാട്ടിൽ നിന്നും സാംപിൾ ശേഖരിച്ചത്. നിപ്പ വൈറസ് സാന്നിധ്യം കേരളത്തിലുണ്ടാകുന്നതിന് കാലാവസ്ഥാ വ്യതിയാനം, മഴയിലുള്ള വ്യതിയാനം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഐസിഎംആർ പറയുന്നുണ്ട്.

കൃത്യമായ കാര്യം അവർക്കും പറയാൻ കഴിഞ്ഞിട്ടില്ലെന്നു മന്ത്രി പറഞ്ഞു. കൃഷിയിടങ്ങളിൽനിന്ന് പഴം ശേഖരിക്കുമ്പോഴോ, വവ്വാൽ കടിച്ച പഴം കഴിക്കുമ്പോഴോ വൈറസ് പകരാം. പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിനുള്ള ഗവേഷണ അനുമതി ആലപ്പുഴ എൻഐവി, രാജീവ് ഗാന്ധി ബയോടെക്നോളജി, തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide