സംസ്ഥാനത്ത് നിപ്പ ആശങ്കയൊഴിയുന്നു, പുതിയ പോസിറ്റീവ് കേസുകളില്ല: വീണ ജോർജ്

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയില്‍ പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. നിപ്പ സംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്കയച്ച 11 സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നിപ്പ പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതോടെ ഹൈറിസ്‌ക് റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 94 പേരുടെ ഫലം നെഗറ്റീവായി.

കഴിഞ്ഞ ദിവസം വരെ ആകെ ആറ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീണ ജോര്‍ജ്ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് കുഞ്ഞുങ്ങളടക്കം 21 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ചികിത്സയില്‍ തുടരുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

നിപ്പ ബാധിച്ച് ആദ്യം മരിച്ചയാളുടെ കുട്ടി വെന്റിലേറ്ററിലാണ്. കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അവസാനം പോസിറ്റീവായ വ്യക്തിയുടെ കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. ആദ്യം വൈറസ് ബാധിച്ച വ്യക്തിയുടെ രോഗ ഉറവിടം തിരിച്ചറിയാനുള്ള നടപടികളും ഉടന്‍ പൂര്‍ത്തിയാക്കും. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പടെ ശേഖരിക്കാനായി പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി കൂടുതല്‍ ആംബുലന്‍സുകള്‍ എത്തിക്കും. ഇതര ജില്ലകളില്‍ സമ്പര്‍ക്കത്തില്‍പ്പെട്ടവരുടെ സാമ്പിളുകളും ഇന്ന തന്നെ ശേഖരിക്കും. മോണോ ക്ലോണല്‍ ആന്റിബോഡി നിലവില്‍ രോഗികള്‍ക്ക് നല്‍കേണ്ട സാഹചര്യമില്ല. മോണോ ക്ലോണല്‍ ആന്റി ബോഡി സംസ്ഥാനത്ത് കൂടുതല്‍ ലഭ്യമാക്കാന്‍ കേന്ദ്രം സഹായിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.

More Stories from this section

family-dental
witywide