നിപ്പ: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടും

കോഴിക്കോട്∙ നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും. തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുന്നത്. ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാൽ പൊതു പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സെപ്റ്റംബർ 18 മുതൽ ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നത് വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. അങ്കണവാടികൾക്കും മദ്രസ്സകൾക്കും നടപടി ബാധകമാണ്. ഒരു കാരണവശാലും വിദ്യാർഥികൾ സ്ഥാപനങ്ങളിലേക്ക് വരാൻ പാടില്ലെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

അതേസമയം, പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരുന്നതാണ്. ഇതുസംബന്ധിച്ച് സർക്കാറിൽ നിന്നും നിർദേശം ലഭിക്കുന്നതിനനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. ദുരന്തരനിവാരണ നിയമം സെക്ഷന്‍ 26, 30, 34 എന്നിവ പ്രകാരമാണ് കളക്ടറുടെ നടപടി.