‘നിസാര്‍’ ഇന്ത്യ-യുഎസ് സഹകരണത്തിന്റെ വലിയ ഉദാഹരണം: നാസ അഡ്മിനിസ്ട്രേറ്റർ

ബെംഗളൂരു: യുഎസും ഇന്ത്യയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ വലിയ ഉദാഹരണമാണ് നിസാര്‍ ( നാസ-ഇസ്രോ സിന്തറ്റിക്ക് അപ്പേര്‍ചര്‍ റഡാര്‍) ദൗത്യമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്‌നോളജിക്കല്‍ മ്യൂസിയത്തില്‍ നടന്ന ‘റീച്ചിങ് ഫോര്‍ ദി സ്റ്റാര്‍സ്: എ കോണ്‍വര്‍സേഷന്‍ വിത്ത് നാസ ആന്റ് ഐഎസ്ആര്‍’ എന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എസ് ഗവൺമെന്റും വി.ഐ.ടി.എമ്മും സംയുക്തമായി സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികളിൽ ജിജ്ഞാസയും പര്യവേക്ഷണവും വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ്.

യുഎസിന്റെയും ഇന്ത്യയുടെയും ബഹിരാകാശ രംഗത്തെ പങ്കാളിത്തം എങ്ങനെ ഭൂമിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് 2024 ല്‍ വിക്ഷേപണത്തിനൊരുങ്ങുന്ന സംയുക്ത നിസാര്‍ ദൗത്യം എന്ന് അദ്ദേഹം പറഞ്ഞു. നിസാറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ലോകമെമ്പാടുമുള്ള ആളുകളെ പ്രകൃതി വിഭവങ്ങളും അപകടങ്ങളും നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കും. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും വളരെ വേഗത്തിൽ മനസിലാക്കാൻ നിസാർ സഹായിക്കും.

2024 അവസാനത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യൻ ബഹിരാകാശയാത്രികനെ അ‌യക്കുന്നതിനും ഇതിനായി പരിശീലിപ്പിക്കാനും യുഎസ് സഹായിക്കുമെന്ന് നെൽസൺ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അ‌മേരിക്കൻ പ്രസിഡന്റും തമ്മിൽ ചേർന്ന യോഗത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ട് വന്നത്. ഇത് പ്രാവർത്തികമാകുന്നതോടെ ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കുമെന്ന് നാസ ചീഫ് അ‌റിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ബഹിരാകാശയാത്രികർക്ക് യുഎസ് സൗകര്യങ്ങളിൽ പരിശീലനം നൽകണമെന്ന് ആഗ്രഹിക്കുന്നുവെന്നും നാസ മേധാവി പറഞ്ഞതായി ഐഎസ്ആർഒ മേധാവി എസ് സോമനാഥ് വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മയും പരിപാടിയില്‍ പങ്കെടുത്തു. 14 മുതല്‍ 16 വരെ പ്രായമുള്ള 200 വിദ്യാര്‍ഥികള്‍ നെല്‍സണുമായും രാകേഷ് ശര്‍മയുമായും സംവദിച്ചു. യുഎസ് സര്‍ക്കാരും വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്‌നോളജിക്കല്‍ മ്യൂസിയവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

More Stories from this section

family-dental
witywide