
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലും കോലിയെ വെറുതെവിട്ടുകൊണ്ടാണ് ജസ്റ്റുസുമാരായ അശ്വനി കുമാര്‍ മിശ്രയുടെയും സയിദ് അഫ്താബ് ഹുസൈന്‍ റിസവിയുടെയും ഉത്തരവ്. കേസിലെ മറ്റൊരുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ടുകേസുകളിലും കോടതി കുറ്റവിമുക്തനാക്കി.
ഈ രണ്ടു കേസുകളിലും പാന്ഥര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീലുകളിലാണ് ഉത്തരവ്. 2005-2006 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസാണ് നിതാരി കൂട്ടക്കൊല. 2006ല്‍ ഓടയില്‍നിന്ന് കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
നിതാരിയിലെ വീടിനു സമീപമാണ് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. വീട്ടുടമയും ജോലിക്കാരനും ചേര്‍ന്ന് കൊലപാതകങ്ങള്‍ നടത്തിയെന്നായിരുന്നു പൊലീസ് നിഗമനം. കുട്ടികളെ മിഠായി നല്‍കി വീട്ടിലേക്ക് കൊണ്ടു വന്ന ശേഷമായിരുന്നു സുരേന്ദ്ര കോലി ഇവരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് 16 കേസുകളാണ് നിതാരി കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്.










