നിവിൻ പോളിയുടെ ആദ്യ വെബ് സീരീസുമായി ‘ഫൈനൽസ്’ സംവിധായകൻ പി.ആർ അരുൺ; 25 വർഷത്തിന് ശേഷം രജത് കപൂർ മലയാളത്തിൽ

തന്റെ അഭിനയ ജീവിതത്തിലെ ആദ്യ വെബ് സീരീസുമായി നിവിൻ പോളി. രജിഷ വിജയൻ നായികയായെത്തി ഫൈനൽസ് എന്ന ചിത്രം ഒരുക്കിയ പി.ആർ അരുൺ ആണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് വേണ്ടി ‘ഫാർമ’ എന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ‘ഫാർമ’ ഒരുങ്ങുന്നത് എന്നാണ് വിവരം.

ബോളിവുഡ് താരം രജത് കപൂർ 25 വർഷത്തിനു ശേഷം മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ‘ഫാർമ’യ്ക്കുണ്ട്. 1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെ്യത ‘അഗ്നിസാക്ഷി’യാണ് അദ്ദേഹം മുമ്പ് അഭിനയിച്ച മലയാള ചിത്രം. അഗ്നിസാക്ഷിയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരവും രജത് കപൂർ നേടിയിരുന്നു.

25 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നതിന്‍റെ ആവേശത്തിലാണെന്ന് താരം പ്രതികരിച്ചു. കേരളത്തിലെ കഴിവുറ്റ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം ഒരുമിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഉണ്ട’, ‘ജെയിംസ് ആൻഡ് ആലീസ്’ തുടങ്ങിയ സിനിമകൾ നിർമ്മിച്ച കൃഷ്ണൻ സേതുകുമാർ ആണ് നിർമ്മാണം. അഭിനന്ദൻ രാമാനുജം ആണ് ക്യാമറയ്ക്ക് പിന്നിൽ. ജേക്സ് ബിജോയ് സംഗീതവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിർവഹിക്കും.