അടിയന്തര ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല : നാട് വിടാനൊരുങ്ങി യു.എസ് വനിത

വാഷിംഗ്ടണ്‍: ജീവന് ഭീഷണിയായേക്കാവുന്ന ഗര്‍ഭം അവസാനിപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞതിനെത്തുടര്‍ന്ന് ടെക്‌സാസ് യുവതി അടിയന്തര ഗര്‍ഭഛിദ്രത്തിനായി സംസ്ഥാനം വിടാന്‍ നിര്‍ബന്ധിതയായതായി അവരുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ഡാളസില്‍ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മയായ 31-കാരിയായ കേറ്റ് കോക്‌സ്, അപൂര്‍വമായ ജനിതക വൈകല്യമുള്ള, ഫുള്‍ ട്രൈസോമി 18 ഉള്ള ഒരു കുഞ്ഞാണ് ഗര്‍ഭത്തിലുള്ളത്. 20 ആഴ്ചയില്‍ കൂടുതല്‍ ഗര്‍ഭിണിയായ ഇവരുടെ കുഞ്ഞ് ജനനത്തിന് മുമ്പ് മരിക്കുകയോ അല്ലെങ്കില്‍ ജനിച്ച് കുറച്ച് ദിവസം മാത്രമേ ജീവനോടെ ഇരിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, ഗര്‍ഭധാരണം അവസാനിപ്പിക്കുന്നതിലൂടെ കോക്സിന്റെ ഗര്‍ഭപാത്രത്തിന് തകരാറുണ്ടാക്കുമെന്നും ഇത് അവരുടെ ഭാവിയിലെ പ്രത്യുല്‍പാദനത്തിനും അവളുടെ ജീവിതത്തിനും ഭീഷണിയാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം 2022 ജൂണില്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗം അടക്കമുള്ള കേസുകളില്‍ പോലും ഗര്‍ഭഛിദ്രം നിരോധിച്ചിട്ടുണ്ട്. ഗര്‍ഭച്ഛിദ്രം നടത്തുകയോ സഹായിക്കുകയോ ചെയ്യുന്ന ആര്‍ക്കെതിരെയും കേസെടുക്കാന്‍ സ്വകാര്യ പൗരന്മാരെ അനുവദിക്കുന്ന ഒരു നിയമവും ടെക്‌സാസിലുണ്ട്.

ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ 99 വര്‍ഷം വരെ തടവും 100,000 ഡോളര്‍ വരെ പിഴയും അവരുടെ മെഡിക്കല്‍ ലൈസന്‍സ് അസാധുവാക്കലും അടക്കമുള്ള ശിക്ഷയുണ്ടാവും.

അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സന്ദര്‍ഭങ്ങളില്‍ ഭരണകൂടം ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നുണ്ടെങ്കിലും, പ്രായോഗികമായി അതിനും കടമ്പകളേറെയുണ്ട്.

More Stories from this section

family-dental
witywide