
ഒട്ടാവ: ഇന്ത്യൻ വംശജരായ ഹിന്ദുക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട “അധിക്ഷേപകരവും വിദ്വേഷപരവുമായ” വീഡിയോകളെ കാനഡ അപലപിച്ചു. ഇത് എല്ലാ കാനഡക്കാർക്കും അവർ പുലർത്തുന്ന മൂല്യങ്ങൾക്കും അപമാനമാണെന്ന് മന്ത്രാലയം പ്രതികരിച്ചു.
കനേഡിയൻ ഗവൺമെന്റിന്റെ പൊതു സുരക്ഷാ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, “വിദ്വേഷത്തിന് കാനഡയിൽ സ്ഥാനമില്ല. ഹിന്ദു കനേഡിയൻമാരോട് കാനഡ വിടാൻ പറയുന്ന ഓൺലൈൻ വീഡിയോയുടെ പ്രചാരം കുറ്റകരവും വെറുപ്പുളവാക്കുന്നതുമാണ്. മാത്രമല്ല എല്ലാ കനേഡിയൻമാർക്കും ഞങ്ങൾ വിലമതിക്കുന്ന മൂല്യങ്ങൾക്കും അത് അപമാനകരമാണ്.”
പരസ്പരം ബഹുമാനിക്കാനും നിയമവാഴ്ച പാലിക്കാനും മന്ത്രാലയം കനേഡിയൻമാരോട് അഭ്യർത്ഥിച്ചു.
‘ഹിന്ദു ഫോറം കാനഡ’ അംഗങ്ങൾ നേരത്തെ കാനഡയിലെ പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്കിന് ഖാലിസ്ഥാനി ഘടകങ്ങളിൽ നിന്നുള്ള നേരിട്ടുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷ തേടി കത്തെഴുതിയിരുന്നു.