മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുപ്പിക്കരുത്: മധ്യപ്രദേശിൽ ഡിഇഒയുടെ ഉത്തരവ്

മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുപ്പിക്കരുതെന്ന് മധ്യപ്രദേശിലെ ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ നിർദ്ദേശം. ഡിസംബർ 14 -ാം തീയതിയാണ് ഷാജാപൂർ ജില്ലയിലെ വിദ്യാഭ്യാസ ഓഫിസർ വിവേക് ദുബെ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

‘രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ വിദ്യാർഥികളെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാക്കരുതെന്നും അനിഷ്ടകരമായ സാഹചര്യമോ സംഭവമോ തടയാൻ’ ആണിതെന്നും സർക്കുലറിൽ പറയുന്നു.

സർക്കുലറിന് പിന്നാലെ, ഭോപ്പാലിലെ വലതുപക്ഷ സംഘടനയായ സംസ്‌കൃതി ബച്ചാവോ മഞ്ചും സ്‌കൂളുകൾക്ക് മുന്നറിയിപ്പ് നൽകി, മാതാപിതാക്കളുടെ അനുമതിയില്ലാതെ വിദ്യാർഥികളെ കുട്ടികളെ സാന്റാക്ലോസിന്റെ വേഷം ധരിക്കാൻ അനുവദിക്കരുതെന്നാണ് സംഘടന സ്‌കൂളുകളോട് ആവശ്യപ്പെട്ടത്.

മാതാപിതാക്കളുടെ അനുമതിയില്ലാതെ ക്രിസ്മസുമായി ബന്ധപ്പെട്ട പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്താൽ സർക്കാർ-സ്വകാര്യ സ്‌കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും വിവേക് ദുബെയുടെ സർക്കുലറിൽ പറയുന്നുണ്ട്. കളികൾക്കോ മറ്റ് പരിപാടികൾക്കോ വേണ്ടി സാന്റാക്ലോസിന്റെ വസ്ത്രം ധരിക്കുന്ന കുട്ടികളും ഈ നിർദ്ദേശത്തിന് കീഴിൽ ഉൾപ്പെടുമെന്നും സർക്കുലറിൽ പറയുന്നു.

സ്‌കൂളുകളിലെ ക്രിസ്മസ് പരിപാടികൾ നിരോധിച്ചിട്ടില്ലെന്നും നേരത്തെ ഇത്തരം പരാതികൾ ഉയർന്നതിനാലാണ് ഇത്തരത്തിലുള്ള ഉത്തരവെന്നും ദുബെ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഹിന്ദുത്വ സംഘടനയായ സംസ്‌കൃതി ബച്ചാവോ മഞ്ചും മുന്നറിയിപ്പുകളുമായി എത്തിയത്. സ്‌കൂളുകളിലെ ക്രിസ്മസ് അവധിക്കെതിരെയും സംഘടന രംഗത്ത് എത്തി. ദീപാവലിക്ക് രണ്ട് ദിവസത്തെ അവധി മാത്രമേ അനുവദിക്കുന്നുള്ളുവെന്നും ക്രിസ്മസിന് 10 ദിവസം അവധി നൽകുന്നെന്നും സംഘടനയുടെ പ്രസിഡന്റ് ആരോപിച്ചു.

2022-ൽ, മാതാപിതാക്കളുടെ അനുമതിയില്ലാതെ വിദ്യാർഥികളോട് സാന്താക്ലോസിന്റെ വേഷം ധരിക്കാനോ ക്രിസ്മസ് അലങ്കാരങ്ങൾ കൊണ്ടുവരാനോ ആവശ്യപ്പെടരുതെന്ന് വിഎച്ച്പി സ്‌കൂളുകളോട് ആവശ്യപ്പെട്ടിരുന്നു, ഇത് ‘ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും ‘ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് സ്വാധീനിക്കാനുള്ള ഗൂഢാലോചന’ ആണെന്നും വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide