
നടി ലെനയുടെ വൈറല്‍ അഭിമുഖത്തില്‍ മാനസികാരോഗ്യത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ പ്രതികരണവുമായി ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ രംഗത്ത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാനാകുന്നതല്ലെന്നും അവരുടെ അഭിപ്രായങ്ങള്‍ ആ തരത്തില്‍ മുഖവിലയ്ക്കെടുക്കാനാകില്ലെന്നും അസോസിയേഷന്‍ അറിയിച്ചു. ക്ലിനിക്കല്‍ സൈക്കോളജി മേഖലയെ മുഴുവന്‍ തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള വാചകങ്ങളാണ് ലെന ഉന്നയിച്ചിരിക്കുന്നതെന്നും അസോസിയേഷന്‍ പ്രതികരിച്ചു.
‘സിനിമാ താരം ലെന നടത്തിയ പ്രസ്താവനയെ കുറിച്ച് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാവുന്നതല്ല. അവരുടെ അഭിപ്രായങ്ങള്‍ ആ തരത്തിലും മുഖവിലയ്‌ക്കെടുക്കാനാകില്ല. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയി ജോലി ചെയ്യാനുള്ള ലൈസന്‍സ് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ലെനയ്ക്ക് നല്‍കിയിട്ടില്ല. ക്ലിനിക്കല്‍ സൈക്കോളജി മേഖലയെ മുഴുവന്‍ തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള വാചകങ്ങളാണ് ലെന ഉന്നയിച്ചിരിക്കുന്നത്. അസോസിയേഷനില്‍ ലെന അംഗമല്ല. ലെനയുടെ പ്രസ്താവനയും ക്ലിനിക്കല്‍ സൈക്കോളജിയും തമ്മില്‍ ഒരു ബന്ധവുമില്ല. ഇത്തരം പ്രസ്താവനയ്ക്ക് ഇത്തരവാദിത്വം ലെനയ്ക്ക് മാത്രമായിരിക്കും’. അസോസിയേഷന്‍ വ്യക്തമാക്കി’.
അഭിമുഖത്തില്‍ ലെന പറഞ്ഞതില്‍ ചില ഭാഗങ്ങള്‍:
’20കളില്‍ ഞാന്‍ പല കാര്യങ്ങളിലും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഞാന്‍ വിവാഹം കഴിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. എന്റെ ഭര്‍ത്താവും സുഹൃത്തുക്കളും കൂടി കൊടൈക്കനാലില്‍ പോയി മഷ്‌റൂം കഴിക്കാന്‍ തീരുമാനിച്ചു. ഞാന്‍ മഷ്‌റൂം കഴിച്ചു, എനിക്ക് അന്ന് 23 വയസായിരുന്നു പ്രായം. സൈലോസൈബിക് എന്നാണ് അതിനെ പറയുന്നത്. ഇക്കാലത്ത് 60 ശതമാനത്തില്‍ അധികം പേരും ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ 20 വര്‍ഷം മുന്‍പ് അതെല്ലാം വളരെ വിരളമായിരുന്നു. മഷ്‌റൂം കഴിച്ച ശേഷം കൊടൈക്കനാല്‍ കാട്ടില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യ്തു. എനിക്ക് അറിയേണ്ടിയിരുന്നത് എന്താണ് ദൈവം എന്നാണ്. എത്ര പേര്‍ ഈ കാര്യം ചോദിക്കാറുണ്ട്. മുന്‍ ജന്മത്തില്‍ ഞാന്‍ ബുദ്ധിസ്റ്റ് സന്യാസി ആയതിനാലാണ്.
ഇപ്പോഴത്തെ ഗവേഷണങ്ങള്‍ നോക്കിയാല്‍ ഇത്തരം സൈക്കഡിലിക്‌സ് മാനസികാരോഗ്യത്തിനുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്നതായി മനസിലാക്കാം. അലോപ്പതി മരുന്നുകള്‍ പോലെയല്ല, ഇത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതായാണ് പഠനങ്ങളില്‍ പറയുന്നത്. ഇത് പ്ലാന്റ് മെഡിസിന്‍ ആണ്. പ്ലാന്റ് മെഡിസിനുകളെ കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ നേരമ്പോക്കായിയിട്ടല്ല. അറിവില്ലായ്മയുടെ പേരില്‍ നിരവധി പേരാണ് സൈക്കഡലിക്‌സിനെക്കുറിച്ച് മോശം പറയുന്നത്.
മഷ്‌റൂം പരീക്ഷിക്കുന്ന സമയത്ത് താനൊരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയിരുന്നു എന്നാണ് ലെന പറയുന്നത്. സൈക്കഡലിക് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘ആത്മാവിനെ വെളിപ്പെടുത്തല്‍’ എന്നാണ്. ആയുര്‍വേദം പോലെയൊക്കെ ഇതിനെ നോക്കിക്കാണുകയാണെങ്കില്‍ പ്രകൃതിയില്‍ വളരുന്ന ദൈവികമായ ഒന്നായി ഇതിനെ കാണാനാവും.
‘ഫിലിം ലൈനില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ലാലേട്ടന്‍. ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു. 2008ല്‍ അതിന് അവസരം ലഭിച്ചു. ഭഗവാന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മോഹന്‍ലാല്‍ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാന്‍ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വര്‍ഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറി. കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു ബുദ്ധസന്യാസി ആയിരുന്നു. 63 വയസില്‍ ഞാന്‍ മരിച്ചു. ആ ജീവിതം മുഴുവന്‍ എനിക്ക് ഓര്‍മയുണ്ട്….എന്റ ആത്മീയ ഗുരുവായി കാണുന്ന മോഹന്‍ലാലിന് തന്റെ പുസ്തകം കൈമാറി.’ ലെന പറഞ്ഞു.