തിരുവനന്തപുരം: പുതുപ്പള്ളിയില്‍ പാര്‍ടി വോട്ടുകള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളിയിലേത് സര്‍ക്കാരിന്റെ വിലയിരുത്തലല്ല. പുതുപ്പള്ളിയില്‍ സംഭവിച്ചത് ഉമ്മന്‍ചാണ്ടിയുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗമാണ്. ആ സഹതാപ തരംഗം യു.ഡി.എഫിന് ഗുണം ചെയ്തു. അതുതന്നെയാണ് വിജയിച്ച സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും പറഞ്ഞത്. പുതുപ്പള്ളിയുടെ അപ്പയുടെ പതിമൂന്നാം വിജയം എന്ന പറയുന്നതിലൂടെ ഉമ്മന്‍ചാണ്ടിയുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗം കോണ്‍ഗ്രസിനെ സഹായിച്ചു എന്നുതന്നെയാണ് കോണ്‍ഗ്രസും വിലയിരുത്തുന്നത്. അതിനാല്‍ ഇതൊരു എല്‍.ഡി.എഫിനെയോ, സര്‍ക്കാരിനെയോ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായി കണക്കാക്കാന്‍ ആകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
പുതുപ്പള്ളിയില്‍ ബിജെപി വോട്ട് മറിച്ചിട്ടുണ്ട്. ഇരുപതിനായിരത്തോളം വോട്ടുണ്ടായിരുന്ന ബിജെപിക്ക് ആകെ കിട്ടിയത് 5.01 ശതമാനം വോട്ട് മാത്രാണ്. അതായത് 6558 വോട്ട് മാത്രം. ബിജെപിയുടെ ബാക്കി വോട്ട് എവിടെ പോയി എന്ന് പരിശോധിക്കണമെന്ന് എം.വി.ഗോവിന്ദന്‍ ചോദിച്ചു. രാഷ്ട്രീയമായി പരിശോധിക്കുമ്പോള്‍ പുതുപ്പള്ളിയില്‍ ഇടതുപക്ഷത്തിന് യാതൊരു തിരിച്ചടിയും ഉണ്ടായിട്ടില്ല. പക്ഷെ, വിജയിക്കാനായില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. വിജയിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ട് പാര്‍ടി ഗൗരമായി പരിശോധിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു
ഇത് കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണ് എന്ന വിലയിരുത്തലുകള്‍ മണ്ടത്തരമാണെന്നും എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ഇത്തരം പ്രവചനങ്ങള്‍ ഒരിക്കലും വസ്തുതകളല്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഒരു വശത്ത് രാഷ്ട്രീയ പ്രചരണവും മറുവശത്ത് ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപ തരംഗവുമായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത്. സഹതാരംഗം വരുമ്പോള്‍ രാഷ്ട്രീയ പ്രചാരണം നിലനില്‍ക്കില്ല എന്നത് ഉറപ്പാണ്. അവിടെ വിലയിരുത്തലുകളല്ല, മറിച്ച് തരംഗത്തിനൊപ്പം ജനങ്ങള്‍ നീങ്ങുകയാണ് ചെയ്യുക. അതുകൊണ്ട് പുതുപ്പള്ളിയില്‍ സിപിഎം തകര്‍ന്നു എന്നൊന്നും വ്യാഖ്യാനിക്കാന്‍ സാധിക്കില്ല.
ഇത്രയും വലിയ പരാജയം ഉണ്ടാകാന്‍ പാടില്ലായിരുന്നു-എം.വി.ഗോവിന്ദന്‍
ഇത്രയും വലിയ പരാജയം ഉണ്ടായല്ലോ എന്ന് ചോദിച്ചാല്‍, ഇത്രയും വലിയ പരാജയം ഉണ്ടാകേണ്ടിയിരുന്നില്ല എന്നുതന്നെയാണ് ഞങ്ങളുടെ അഭിപ്രായം. അത് എന്തുകൊണ്ടെന്ന് ഞങ്ങള്‍ പരിശോധിക്കാം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ലോക്സഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
Nothing happened to the CPM base in Puthupally, the Congress bought the BJP vote