പ്രണയം നിരസിച്ചു: യുവാവ് വീട്ടില്‍ കയറി വെട്ടിയ പെണ്‍കുട്ടി മരിച്ചു, കഴിഞ്ഞ 7 വര്‍ഷത്തിനിടെ പ്രണയപ്പക തീര്‍ത്തത് 20 ജീവനുകള്‍

കൊച്ചി: എറണാകുളം കുറുപ്പുംപടിയില്‍ യുവാവ് വീട്ടില്‍ കയറി വെട്ടിയ പെണ്‍കുട്ടി എട്ടുദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ മരിച്ചു. രായമങ്കലത്ത് പാണിയാടന്‍ ബിനു ജേക്കബിന്റെയും മഞ്ചുവിന്റേയും മകള്‍ അല്‍ക അന്ന ബിനു ( 20) വാണ് മരിച്ചത്. പെണ്‍കുട്ടിയെ വെട്ടിയ ഇരിങ്ങോള്‍ മുക്കളഞ്ചേരി ബേസില്‍ ആക്രമണത്തിനു പിന്നാലെ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു.

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ രണ്ടാം വര്‍ഷ ബിഎസ് സി നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു അല്‍ക. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണ കാരണം. യുവാവിന്റെ ആക്രമണത്തില്‍ മുത്തച്ഛന്‍ ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

സെപ്റ്റംബര്‍ അഞ്ചിനാണ് ബേസില്‍ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി വാക്കത്തികൊണ്ട് വെട്ടിയത്. തടയാന്‍ ശ്രമിച്ച മുത്തച്ഛനും മുത്തശ്ശിക്കും പരുക്കേറ്റു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ അല്‍ക്ക ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഉച്ചയ്ക്ക് അല്‍ക വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോഴായിരുന്നു സംഭവം. പിതാവ് ബിനു ഓട്ടോ തൊഴിലാളിയും അമ്മ തയ്യല്‍ ജോലി ചെയ്യുന്നയാളുമാണ്. ഇരുവരും ജോലിക്ക് പുറത്തു പോയതായിരുന്നു. ഒരു സഹോദരിയുള്ളത് സ്കൂളിലുമായിരുന്നു. മഞ്ചുവിന്റെ മതാപിതാക്കളായ ഔസേപ്പും ചിന്നമ്മയും വീടിന്റെ ഉള്ളിലുമായിരുന്നു. അക്രമം നടത്തിയ യുവാവ് അപ്പോള്‍ തന്നെ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞിരുന്നു. പൊലീസും നാട്ടുകാരും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇയാള്‍ വീട്ടില്‍ തൂങ്ങി മരിച്ച വിവരം പുറത്തുവന്നത്.

പ്രണയപ്പക കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് കവര്‍ന്നത് 20 പേരുടെ ജീവനുകളാണ് . അല്‍ക ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത അവസാന പേരുകാരിയാണ്. തൃക്കാക്കര എംഎല്‍എ ഉമ കെ തോമസിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

2016 മുൽ 2023 വരെ പ്രണയപ്പകയുമായി ബന്ധപ്പെട്ട് 31 ആക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പ്രണയം നിരസിച്ചതിന്റെ പേരിലായിരുന്നു അക്രമങ്ങളില്‍ ഭൂരിഭാഗവും. 21 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഈ വർഷങ്ങളിൽ ഒരാൾക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. ഈ വർഷം ജൂൺ 20നാണ് എറണാകുളത്തെ മുനമ്പത്തിൽ റിപ്പോർട്ട് ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 300,000 ലക്ഷം രൂപ പിഴയും ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് 37 പ്രതികളെ പോലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും നിയമ നടപടയിലെ കാലതാമസം നീതി വൈകിപ്പിക്കുകയാണ്.

കുറ്റാരോപിതരായ പ്രതികളിൽ ഏഴ് പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കേസ് നടക്കുമ്പോൾ തന്നെ രണ്ട് പേർ ആത്മഹത്യ ചെയ്യുകയും അഞ്ചു പേർ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഏഴ് കേസുകൾ അനിശ്ചിതത്തിലായത്. കേരള മനസാക്ഷിയെ ഞെട്ടിച്ച പ്രണയപ്പകയുടെ ആക്രമണ സംഭവങ്ങളിൽ ഒരു കേസിന്റെ ചാർജ് ഷീറ്റ് മാത്രമാണ് കോടതിയിൽ സമർപ്പിച്ചത്. അതേ സമയം മൂന്നു കേസുകളുടെ വിചാരണ മാത്രമാണ് നടന്നത്. വിചാരണ കാത്ത് കഴിയുന്നതാകട്ടെ പതിനാലു കേസുകൾ.