ബിജെപി അധികാരത്തിൽ വന്നാൽ പിന്നാക്ക വിഭാഗത്തില്‍നിന്ന് മുഖ്യമന്ത്രി; തെലങ്കാനയില്‍ വാഗ്ദാനവുമായി അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി സർക്കാർ ഉണ്ടാക്കിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്നായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയിലെ സൂര്യപേട്ടിൽ നടത്തിയ പ്രസംഗത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം.

കരിംനഗറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന എംപിയും മുൻ അധ്യക്ഷനുമായ ബണ്ടി സഞ്ജയ്, ദേശീയ ഒബിസി മോർച്ചാ അധ്യക്ഷനും എംപിയുമായ കെ ലക്ഷ്മൺ, ഹുസൂറാബാദ് എംഎൽഎ ഈട്ടല രാജേന്ദർ എന്നിവരാണ് തെലങ്കാനയിലെ പ്രധാന ഒബിസി നേതാക്കൾ.

തെലങ്കാനയിലെ ദുര്‍ബല വിഭാഗങ്ങളെ വഞ്ചിക്കുകയാണ് ബിആര്‍എസ് സര്‍ക്കാര്‍ ചെയ്തതെന്നും അമിത് ഷാ വിമർശിച്ചു. സംസ്ഥാനത്തെ ദളിതരെയും ഗോത്രവിഭാഗങ്ങളെയും ഒബിസി വിഭാഗത്തെയും കഴിഞ്ഞ ഒമ്പതര കൊല്ലമായി ബിആര്‍എസ് വഞ്ചിക്കുകയായിരുന്നു. പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരാണ് ബിആര്‍എസ്. ദളിത് കുടുംബങ്ങള്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി നല്‍കുമെന്നതടക്കം മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ അവര്‍ക്കായില്ല, അമിത് ഷാ ആരോപിച്ചു.

ബിആര്‍എസ് അധികാരത്തില്‍ വന്നാല്‍ ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് 2014-ല്‍ ബിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞിരുന്നു. എന്നാല്‍ സൗകര്യപൂര്‍വം അദ്ദേഹം ആ വാഗ്ദാനത്തിന്റെ കാര്യം അവഗണിക്കുകയാണ് ചെയ്തത്. മകന്‍ കെ.ടി രാമറാവുവിനെ തന്റെ പിന്‍ഗാമിയാക്കാനാണ് ഇപ്പോള്‍ ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

More Stories from this section

family-dental
witywide