
കേരളത്തെയാകെ നടുക്കിയ കൊലപാതകമായിരുന്നു അഞ്ചല്‍ സ്വദേശി ഉത്രയുടേത്. ഭാര്യയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാനായി ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊല്ലുകയായിരുന്നു. ഏതാണ്ട് ഇതേ മോഡസ് ഓപറാൻഡി പ്രയോഗിച്ചിരിക്കുകയാണ് ഒഡിഷയിൽ. ഇരുപത്തിയഞ്ചുകാരനായ യുവാവ് ഭാര്യയേയും രണ്ടു വയസുകാരിയായ മകളേയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നതാണെന്ന് കണ്ടെത്തി. കൊലപാതകം നടന്ന് ഒന്നര മാസം കഴിഞ്ഞാണ് പ്രതി അറസ്റ്റിലായത്
ഒഡിഷയിലെ ബെര്‍ഹംപുറിലെ ആദിഗാവ് സ്വദേശായ കെ. ഗണേഷ് പത്രയാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ കെ. ബസന്തി പത്ര, മകള്‍ ദേബാശ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. 2020ലാണ് ഗണേഷും ബസന്തിയും വിവാഹിതരാകുന്നത്. കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ സ്വരചേർച്ചയില്ലായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഗണേഷിനെതിരെ സ്ത്രീധന പീഡനത്തിന് ബസന്തി പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഒക്ടോബര്‍ ആറിനാണ് സംഭവം. പ്ലാസ്റ്റിക് ജാറില്‍ കൊണ്ടുവന്ന മൂര്‍ഖന്‍ പാമ്പിനെ ബസന്തിയും മകളും ഉറങ്ങുന്ന മുറിയിലേക്ക് ഗണേഷ് തുറന്നുവിടുകയായിരുന്നു. ഗണേഷ് മറ്റൊരു മുറിയിലാണ് കിടന്നത്. രാവിലെ ഭാര്യയും മകളും മരിച്ചു കിടക്കുന്നത് കണ്ട് ഗണേഷ് നിലവിളിച്ചു നാട്ടുകാരെ കൂട്ടി. തുടര്‍ന്ന് പോലീസെത്തുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മരണം പാമ്പുകടിയേറ്റാണെന്ന് സ്ഥിരീകരിക്കുയും ചെയ്തു.
എന്നാല്‍, മകളുടെ മരണത്തില്‍ സംശയം തോന്നിയ ബസന്തിയുടെ പിതാവാണ് ഗഞ്ചം എസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗണേഷ് തന്റെ പിതാവിന്റെ പേരില്‍ മറ്റൊരു സിം സ്വന്തമാക്കിയിരുന്നെന്ന് കണ്ടെത്തി. ഈ സിമ്മില്‍ നിന്ന് ചില പാമ്പാട്ടിമാരെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇതില്‍ ബസന്ത ആചാര്യ എന്ന പാമ്പാട്ടിയില്‍ നിന്ന് തന്റെ കുടുംബക്ഷേത്രമായ ശിവക്ഷേത്രത്തിലേക്ക് പൂജക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് മൂര്‍ഖന്‍ പാമ്പിനെ വാങ്ങുകയായിരുന്നു. ഈ പാമ്പിനെ ഉപയോഗിച്ചാണ് ഗണേഷ് ഭാര്യയേയും മകളേയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒടുവില്‍ പ്രതി കുറ്റസമ്മതം നടത്തി.
Odisha Man Kills Wife, 2-Year-Old Daughter By Releasing Snake In Room













