മൂന്ന് കുട്ടികളുള്‍പ്പടെ അഞ്ചുമരണം; ദുരൂഹതയില്‍ ഓഹായോ കുടുംബം

ഒഹായോ: മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് ഒഹായോയിലെ ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവന്നത്. ഗാർഹിക പ്രശ്നങ്ങളാണ് കൊലപാതകങ്ങളിലേക്കും തുടർന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്ന നിഗമനമാണ് പൊലീസ് പങ്കുവയ്ക്കുന്നത്.

ജേസൺ ഡൺഹാം (46), മെലിസ ഡൺഹാം (42), ഇരുവരുടെയും മക്കളായ റെനി (15), ആംബർ (12), ഇവാൻ (9) എന്നിവരെയാണ് സ്റ്റാർക്ക് കൗണ്ടിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബാംഗങ്ങളിൽ ഒരാളുടെ സഹപ്രവർത്തകന്റെ അഭ്യർത്ഥന പ്രകാരമാണ് പൊലീസ് സംഘം വീട്ടില്‍ പരിശോധന നടത്തിയത്. ഏകദേശം 7.31 മണിയോടെ 13305 കാർണേഷൻ അവന്യൂവിലെ മേല്‍വിലാസത്തിലെത്തിയ യൂണിയൻ ടൗൺ പൊലീസ് ഡിപ്പാർട്ട്‌മെന്റ് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

സംഭവദിവസം, വീട്ടില്‍ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. പുറത്തുനിന്ന് ആർക്കും മരണങ്ങളില്‍ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം.