
ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം, സ്വവർഗ ലൈംഗികത എന്നിവ ക്രിമിനൽ കുറ്റമാക്കാനുള്ള നിർദേശങ്ങളോടു വിയോജിപ്പ് രേഖപ്പെടുത്തി കേന്ദ്ര മന്ത്രിസഭ. കൊളോണിയൽ ക്രിമിനൽ നിയമങ്ങൾക്കു പകരമായി ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നൽകിക്കൊണ്ടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.
ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ രണ്ട് നിർദ്ദേശങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഓഫീസും വിയോജിപ്പ് രേഖപ്പെടുത്തി. ഇവ ക്രിമിനൽ കുറ്റങ്ങളാക്കിയാൽ ഭാവിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അത് സുപ്രീം കോടതിക്കും അതിന്റെ വിധിന്യായങ്ങൾക്കും വിരുദ്ധമായി കാണപ്പെടുമെന്നും വൃത്തങ്ങൾ അറിയിച്ചു.
2018ലാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കുന്നതു സംബന്ധിച്ച വിധിപ്രസ്താവത്തിൽ, സ്ത്രീയുടെ സ്വയംഭരണാവകാശത്തെ അവഗണിച്ച് പുരുഷനെ ശിക്ഷിക്കുന്നതിലൂടെ ഭാര്യയെ ഭർത്താവിന്റെ സ്വത്ത് പോലെയാണ് പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു
ഭാരതീയ ന്യായ് സൻഹിത ബിൽ 2023ൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണമെന്നാണ് സമിതി നിർദേശം നൽകിയത്. വിവാഹ ബന്ധം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യൻ സമൂഹത്തിൽ അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലിംഗഭേദം പാലിക്കേണ്ടതുണ്ടെന്നുമാണ് പാർലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ എന്നീ നിർദേശങ്ങൾ കമ്മിറ്റി ശുപാർശ ചെയ്തത്. എന്നാൽ ഈ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയും മന്ത്രിസഭയും അറിയിച്ചു.