
താജ് മഹൽ നിർമിക്കാൻ 22000 തൊഴിലാളികൾ 20 വർഷം അധ്വാനിച്ചു എന്നാണ് ചരിത്രം. താജ് മഹലിനു സമാനമല്ലെങ്കിലും ശിൽപചാരുതയിൽ അതി സുന്ദരമായ ഒരു വെണ്ണക്കൽ ശിൽപം അമേരിക്കയിലെ ഹവായിയിൽ തയാറായിയിരിക്കുകയാണ്. ഒരുപാട് ശിൽപികളുടെ 30 വർഷത്തെ അധ്വാനത്താൽ തീർത്ത ഒരു ക്ഷേത്രമാണ് സഞ്ചാരികളുടേയും ഭക്തരുടേയും മനസ്സിനെ സാന്ത്വനിപ്പിക്കുന്നത്.
പച്ചപ്പിൽ മുഴുകി നിൽക്കുന്ന അതി സുന്ദരമായ ഒരു കൊച്ചു തുരുത്ത് അതിനു നടുവിൽ വെളുത്ത ഗ്രാനൈറ്റ് കല്ലിൽ കൊത്തിയെടുത്ത ഒരു ക്ഷേത്രം. അമേരിക്കയിൽ നിന്ന് ഏറെ ദൂരെ ഇന്ത്യയിലെ തമിഴ് നാട്ടിലെ ഏതോ വിദൂരമായ ഒരിടത്തുള്ള പുരാതനമായ ഒരു ഗ്രാമക്ഷേത്രത്തെ ഓർമിപ്പിക്കുന്ന കൊത്തുപണികൾ. ചോളമാതൃകയിൽ തീർത്ത ഇരൈവൻ കോവിൽ . 380 കിലോ ഭാരമുള്ള ശിവലിംഗമാണ് പ്രതിഷ്ഠ.

നഗര പരിഷ്കാരങ്ങൾ തൊട്ടശുദ്ധമാക്കാത്ത ഒരിടമാണിത്. കാരണം, ഈ ക്ഷേത്രം പണിയാൻ വൈദ്യുതി ഉപയോഗിച്ചിട്ടില്ല. എല്ലാം കൈവേലകളാണ്. തമിഴ്നാട്ടിൽനിന്ന് ശിൽപികളുടെ ഒരു ഗ്രാമം മുഴുവൻ ഇവിടെ എത്തിയാണ് അമ്പലത്തിന്റെ പണി തീർത്തത്.
ഒരുപാട് ശിൽപികൾ കൈകൊണ്ടു മാത്രം കടഞ്ഞെടുത്ത ഒരു ക്ഷേത്രം. അതിന്റെ മുഴുവൻ ലാവണ്യവും സമഗ്രതയും പഴമയുടെ ഗരിമയും ഈ കോവിലിനെ ഒരു ഉത്തമ കലാശിൽപം കൂടിയാക്കി മാറ്റിയിട്ടുണ്ട്. താഴികക്കുടങ്ങളിൽ സ്വർണം പൂശിയിട്ടുണ്ട്. വൈദ്യുതി വിളക്കുകളില്ല. എണ്ണ പകർന്ന വിളക്കുകൾ മാത്രമേയുള്ളു. ചുറ്റും പച്ചപ്പിന്റെ വലിയ കൂടാരം. ശുദ്ധം , ശാന്തം, അതിമോഹനം .. ഇതുപോലെ ഒരു ക്ഷേത്രം വളരെ അപൂർവം.

ചുറ്റും കാവുകളെ ഓർമിപ്പിക്കും വിധം വലിയ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നിറയെ കായിച്ചു കിടക്കുന്ന രുദ്രാക്ഷ മരച്ചുവട്ടിൽ രുദ്രാക്ഷ മണികൾ ഉതിർന്നു കിടക്കുന്നു. സഞ്ചാരികളെ അത് എടുക്കാൻ അനുവദിച്ചിട്ടുണ്ട്.
ഹവായിയിലെ കവായി എന്ന കൊച്ചു ദ്വീപിലാണ് ഈ ക്ഷേത്രം അവിടെ 50 പേരിൽ താഴെയേ ഹിന്ദു മതവിശ്വാസികളുണ്ടാവൂ… ഹവായിയിലെ 1.4 ദശലക്ഷം നിവാസികളിൽ 1 ശതമാനത്തിൽ താഴെ മാത്രമാണ് ഹിന്ദുക്കൾ. പക്ഷേ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വിശ്വാസികൾ ഈ ശാന്തി തീരത്ത് എത്തുന്നുണ്ട്.
കവായിലുള്ള ആധീനാം സന്യാസ മഠത്തിലെ യോഗികളാണ് ഈ കോവിൽ നിർമിച്ചിരിക്കുന്നത്. 1968 ഇവിടെ എത്തിയ പരമാചാര്യ സദാശിവാനന്ദ പളനിസ്വാമിയാണ് ക്ഷേത്രനിർമാണത്തിന് ചുക്കാൻ പിടിച്ചത്. മഠത്തിൽ 24 യോഗികൾ താമസിക്കുന്നുണ്ട്.
ഹവായി ദ്വീപിൽ കാട്ടുതീ ദുരന്തത്തിൻ്റെ കനലുകൾ കെട്ടടുങ്ങുന്നതേയുള്ളു . അവിടെ നിന്ന് പ്രതീക്ഷയുടെ നനവുള്ള വാർത്ത വരുന്നു. എല്ലാ ഇന്ത്യക്കാര പ്രത്യേകിച്ച് തെക്കേയിന്ത്യക്കാരെ സന്തോഷത്തിലാക്കുന്നു എന്ന് സംശയമില്ല.
On Hawaii island, the West’s only all-granite, hand-carved Hindu temple