
അമൃത്സർ: തിങ്കളാഴ്ചത്തെ അമൃത്‌സർ സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുവർണ ക്ഷേത്രത്തിൽ സമയം ചെലവഴിക്കുകയും സന്നദ്ധ സേവനത്തിലും പങ്കെടുക്കുകയും ചെയ്യും. ഇന്ന് രാഹുൽ അമൃത്സറിൽ താമസിക്കുമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നത്.
“ശ്രീ രാഹുൽ ഗാന്ധി ജി അമൃത്സർ സാഹിബിലേക്ക് വരുന്നത് സച്ച്ഖണ്ഡ് ശ്രീ ഹർമന്ദിർ സാഹിബിൽ പ്രണാമം അർപ്പിക്കാൻ ആണ്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരവും, ആത്മീയവുമായ സന്ദർശനമാണ്. നമുക്ക് അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കാം,” പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ രാജാ വാറിംഗ് എക്‌സിൽ പോസ്റ്റ് ചെയ്തു.
ചാർട്ടേഡ് വിമാനത്തിൽ രാഹുൽ ഗാന്ധി എത്തുമെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് ഭഗവന്ത്പാൽ സിംഗ് സച്ചാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “അദ്ദേഹം ദർബാർ സാഹിബ് സന്ദർശിക്കും. പിന്നീട് പാത്രങ്ങൾ കഴുകൽ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ഇതുവരെ, ദർബാർ സാഹിബിലെ അദ്ദേഹത്തിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളൂ,” സച്ചാർ കൂട്ടിച്ചേർത്തു.
ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) നടത്തുന്ന സത്രങ്ങളിലൊന്നിലായിരിക്കും രാഹുൽ ഇന്ന് താമസിക്കുക.