തിരുവനന്തപുരം: ഓണത്തിന്റെ ആരവങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം. തൃപ്പൂണിത്തുറയിൽ രാവിലെ ഒമ്പതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അത്തച്ചമയാഘോഷം ഉദ്ഘാടനം ചെയ്തു. അത്തം ഘോഷയാത്ര നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. തൃക്കാക്കര മഹാക്ഷേത്രത്തിലെ 10 ദിവസത്തെ തിരുവോണ ഉത്സവത്തിന് ഇന്നു രാത്രി എട്ടിന് കൊടിയേറും.
കേരളത്തിൽ 25ന് സ്‌കൂൾ അടയ്‌ക്കുന്നതോടെ കുട്ടികളും ഓണത്തിമിർപ്പിലാകും. പൂവിപണിയും സജീവമാണ്. വിവിധ ജില്ലകളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇത്തവണ പൂക്കൃഷി നടന്നത് പ്രാദേശികമായി പൂവില കുറയ്‌ക്കും.
നാട്ടിൻപുറങ്ങളിലടക്കം നാടൻ പൂക്കൾ കുറഞ്ഞതോടെ കടകളിൽനിന്ന് വാങ്ങിയാണ് ഭൂരിഭാഗം ആളുകളും പൂക്കളമൊരുക്കുന്നത്. ചെണ്ടുമല്ലി, വാടാർമല്ലി, വിവിധ നിറങ്ങളിലുള്ള ജമന്തി എന്നിവയാണ് വിൽപനക്കായി എത്തിയിരിക്കുന്നത്. ഗുണ്ടൽപേട്ടിൽനിന്നാണ് വയനാട്ടിൽ കൂടുതലും പൂക്കൾ എത്തുന്നത്. ജില്ലയിൽ തന്നെ പല ഭാഗത്തും ഓണത്തിനുവേണ്ടി ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്. പല തരത്തിലുള്ള ഇലകൾ ശേഖരിച്ച് ചെറുതായി അരിഞ്ഞിട്ടും അല്ലാതെയും ഉപയോഗിക്കും.
സംസ്ഥാനസർക്കാരിന്റെ ഓണാഘോഷം 27ന് തുടങ്ങും. ജീവനക്കാർക്ക് ബോണസും പെൻഷൻകാർക്ക് ഉത്സവബത്തയും ഉടൻ ലഭിക്കും. സപ്ലൈകോയുടെ ജില്ലാതല ഓണച്ചന്തയ്‌ക്ക് തുടക്കമായി. മറ്റുചന്തകൾ 23ന് തുടങ്ങും. കൺസ്യൂമർ ഫെഡിന്റെ 1500 ചന്ത ഞായറാഴ്‌ച ആരംഭിക്കും. ചൊവ്വാഴ്‌ച കുടുംബശ്രീ ചന്തയുമെത്തുന്നതോടെ ആളുകൾക്ക് വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. ക്ഷേമ പെൻഷൻ വിതരണവും ആരംഭിച്ചു. 60 ലക്ഷംപേർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. പെൻഷൻ വിതരണം ബുധനാഴ്‌ചയ്‌ക്കകം പൂർത്തീകരിക്കും.
ഖാദി– -കൈത്തറി മേളകളും ആരംഭിച്ചു. വസ്‌ത്രവിപണിയും ഉണർന്നു. കാറ്ററിങ് യൂണിറ്റുകളിലും ഹോട്ടലുകളിലും ഓണസദ്യ ബുക്കിങ് ആരംഭിച്ചു. വഴിയോരക്കച്ചവടക്കാരും സജീവമായി. ഓണം റിലീസുകൾക്ക് സിനിമ തിയറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. തലസ്ഥാനത്ത് സെപ്‌തംബർ രണ്ടിന് വെള്ളയമ്പലംമുതൽ കിഴക്കേകോട്ടവരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ആഘോഷം സമാപിക്കുക.