കോഴിക്കോട്: കേരളത്തില്‍ വീണ്ടുമൊരാൾക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ്പ പോസിറ്റീവായത്. നിപ്പ ബാധിതരായിരുന്ന മറ്റുള്ളവർ ചികിത്സ തേടിയ സ്വകാര്യ ആശുപതിയിൽ ഇദ്ദേഹവും സന്ദർശിച്ചിരുന്നു. അവിടെനിന്നാകാം വൈറസ് ബാധിച്ചിട്ടുണ്ടാകുക എന്നാണ് അനുമാനം. ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിതരുടെ എണ്ണം നാലായി.
അതേസമയം, മലപ്പുറത്ത് നിപ്പ സംശയിച്ച് നിരീക്ഷണത്തിലിരുന്ന വ്യക്തിക്ക് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മഞ്ചേരിയിൽനിന്ന് നിപ്പപ രിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ച സ്രവസാമ്പിൾ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരണം.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ 950 പേരുടെ സമ്പർക്ക പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതിൽ 234 പേരെ പുതുതായി ചേർത്തു. 213 പേർ ഹൈറിസ്‌ക്ക് പട്ടികയിലാണ്. 287 പേർ ആരോഗ്യപ്രവർത്തകരാണ്. സാഹചര്യം വിലയിരുത്തുന്നതിന് കോഴിക്കോട് കളക്ടറേറ്റിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും. മന്ത്രി വീണ ജോർജ് രാവിലെ കോഴിക്കോട് എത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗവും കളക്ടറേറ്റിൽ നടക്കും.