
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്‌ണനാണ് കസ്റ്റഡിയിലായത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് 4 പേർ കസ്റ്റഡിയിലായിട്ടുണ്ട്.
മൂന്ന് നേതാക്കളെ ഇന്നലെ പ്രത്യേക അന്വേഷകസംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളായ ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അഭയം വീട്ടിൽ അഭി വിക്രമൻ, ഏഴംകുളം തൊടുവക്കാട് പുളിക്കുന്ന്കുഴിയിൽ ബിനിൽ ബിനു, ഫെനി നൈനാൻ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്തബന്ധം പുലർത്തുന്നവരാണ് ഇവർ. പൊലീസ് റെയ്ഡിൽ ഇവരുടെ ലാപ് ടോപ്പുകളും ഫോണും പിടിച്ചെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി ഇന്നലെ ചുമതലയേറ്റ രാഹുൽ മാങ്കൂട്ടത്തിലേക്ക് അന്വേഷണം എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് ആരോപണമുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. സംഭവുമായി ബന്ധപ്പെട്ട് പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനെ ചോദ്യം ചെയ്യും എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.
പത്തനംതിട്ട അടൂർ കേന്ദ്രീകരിച്ചാണ് വ്യാജ കാർഡ് നിർമാണ യൂണിറ്റ് പ്രവർത്തിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പറക്കോട്ടെയും കടമ്പനാട്ടെയും ബ്യൂട്ടി പാർലറുകൾ ഇതിന് മറയാക്കിയെന്നും ആരോപണമുണ്ട്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് എതിരെ 10 പരാതികളാണ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കിട്ടിയിരിക്കുന്നത്. പലതും അതേ സംഘടനയ്ക്കുള്ളിൽ നിന്നു തന്നെയാണ്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടപടി പുരോഗമിക്കുന്ന അവസരങ്ങളിലെല്ലാം രാഹുൽ അടൂരിൽ തമ്പടിച്ചത് വ്യാജ കാർഡ് നിർമാണത്തിനായിരുന്നെന്നും ഒപ്പംനിൽക്കുന്ന നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും ഐ ഗ്രൂപ്പ് കേന്ദ്രങ്ങൾ ആരോപിച്ചിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് പൊലീസ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങൾ. ഏത് അന്വേഷണവുമായി സഹകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
one more youth congress worker in police custody in fake voter id case












